തിരുവനന്തപുരം: വാട്ടർ അതോറിട്ടി സൗരോർജ പദ്ധതിയുടെ ആദ്യനിലയത്തിന്റെ പ്രവർത്തനം വെള്ളയമ്പലം ജലഭവൻ കേന്ദ്ര കാര്യാലയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സൗരോർജത്തിൽനിന്നു മാത്രമല്ല, കാറ്റിൽനിന്നുകൂടി വൈദ്യുതി ഉത്പാദിപ്പിച്ച് നഷ്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വാട്ടർ അതോറിട്ടിയുടെയും ജലസേചന വകുപ്പിന്റെയും സ്ഥലം ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
വാട്ടർ അതോറിട്ടി ടെക്നിക്കൽ അംഗം ടി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർമാരായ എസ്. ലീനാകുമാരി, എം. ശ്രീകുമാർ, സൗത്ത് എക്സിക്യൂട്ടിവ് എൻജിനിയർ അനിത പുതിയപുരയിൽ എന്നിവർ സംസാരിച്ചു.
25 കിലോവാട്ടിന്റെ ശൃംഖലാബന്ധിത സൗരോർജനിലയമാണ് കേന്ദ്രകാര്യാലയത്തിൽ സ്ഥാപിച്ചത്. തിരുമലയിൽ ഭൂതല സംഭരണിയുടെ വാട്ടർടാങ്കിനു മുകളിൽ 100 കിലോ വാട്ടിന്റെയും ഒബ്സർവേറ്ററി ഭൂതല സംഭരണിയുടെ വാട്ടർ ടാങ്കിനു മുകളിൽ 60 കിലോവാട്ടിന്റെയും ആറ്റുകാലിൽ 100 കിലോവാട്ടിന്റെയും സൗരോർജനിലയങ്ങൾ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നു. ഇവ പൂർത്തിയാകുമ്പോൾ വാട്ടർ അതോറിട്ടിക്ക് 285 കിലോവാട്ട് ശേഷിയിൽ വൈദ്യുതോത്പാദനം നടത്താനാകും. അനെർട്ടാണ് പദ്ധതിനിർവഹണം. സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് 283 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ പ്രതിമാസം 23 കോടി രൂപ കെ.എസ്.ഇ.ബിക്ക് വാട്ടർ അതോറിട്ടി അടയ്ക്കേണ്ടതുണ്ട്. ഈ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിനാണ് സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നത്.
ക്യാപ്ഷൻ
വാട്ടർ അതോറിട്ടി കേന്ദ്ര കാര്യാലയത്തിൽ സൗരോർജ നിലയം ഉദ്ഘാടനം ചെയ്ത ശേഷം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ജീവനക്കാർക്കൊപ്പം