indian-railway

ന്യൂഡൽഹി: 2020 തുടക്കത്തോടെ 55 വയസ് ആകുന്നവരെയും, 30 വർഷത്തെ സേവനം പൂർത്തിയാക്കുന്ന ജോലിക്കാരെയും ഇന്ത്യൻ റെയിവേയിൽ നിന്നും പിരിച്ചുവിടാൻ ആലോചിച്ച് കേന്ദ്ര സർക്കാർ. 2020 ജനുവരി മുതൽ മാർച്ച് വരെ ഇത്തരത്തിൽ സർവീസിലുള്ളവരെയാണ് കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും പറഞ്ഞുവിടുക. റെയിൽവേയിൽ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെയും, വേണ്ട രീതിയിൽ സേവനം അനുഷ്ഠിക്കാത്തവരേയും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര റെയിൽവേ വകുപ്പിന്റെ ഈ നീക്കം.

സർവീസിൽ തുടരാൻ യോഗ്യതയിലാത്തതായി കാണുന്നവർക്ക് മുൻകൂട്ടി വിരമിക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. ഇത്തരത്തിൽ റെയിൽവേയിൽ ജോലി ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പട്ടിക തയാറാക്കാൻ റെയിൽവേ ബോർഡ് റെയിൽവേ സോണൽ ഓഫീസുകൾക്ക് കത്ത് വഴി നിർദ്ദേശം നൽകിയിട്ടുണ്ട്.

റെയിൽവേ ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക ക്ഷമതകൾ വിലയിരുത്തി വേണം പട്ടിക തയാറാക്കേണ്ടത്. ജോലിയിൽ ഇരിക്കേയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ജോലിയോടുള്ള സമീപനം എന്നിവ ഇതിനായി കണക്കിലെടുക്കും. ആഗസ്റ്റ് ഒൻപതിന് മുൻപ് ഈ പട്ടിക തയാറാക്കി നൽകണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ 13 ലക്ഷം എന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ എണ്ണം 10 ലക്ഷമാക്കി കുറയ്ക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വർഷത്തോടെ സർക്കാർ ഇത് നടപ്പിൽ വരുത്തും.