ബംഗളൂരു: കർണാടക സർക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങൾ നിറുത്തലാക്കാൻ തീരുമാനിച്ച് യെദിയൂരപ്പ സക്കാർ. വർഗീയത വളർത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വിവാദപരവും വർഗീയത വളർത്തുന്നതുമായ ടിപ്പു ജയന്തി ആഘോഷം നിറുത്തലാക്കാൻ തങ്ങളുടെ സർക്കാർ തീരുമാനിച്ചതായി ബി.ജെ.പി കർണാടക ഘടകം ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
2015ൽ സിദ്ധരാമയ്യ സർക്കാർ ആയിരുന്നു ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് തുടങ്ങിവച്ചത്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബർ 10ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുൽത്താൻ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നപ്പോൾ ബി.ജെ.പി ഈ ആഘോഷങ്ങളെ എതിർത്തിരുന്നു. അതേസമയം, ബി.ജെ.പിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.