തിരുവനന്തപുരം: മുൻ ആറ്റിങ്ങൽ എം.പി എ സമ്പത്തിനെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഡൽഹിയിൽ കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിനെ നിയമിച്ചത്. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നൽകും.
സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. കാബിനറ്റ് പദവിയോടെ സമ്പത്തിനെ ഡൽഹിയിൽ കുടിയിരുത്താൻ പോവുകയാണ്. കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസുമടുക്കം ഒരു വർഷം കോടികൾ കേരള ഖജനാവിൽ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണപരിഷ്കാര കമ്മീഷൻ പോലെ കോടികൾ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്. സമ്പത്തിന്റെ നിയമനത്തെ അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യം എന്നും സുരേന്ദ്രൻ വിശേഷിപ്പിച്ചു.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുളള ബന്ധവും ഇടപെടലുകളും സുഗമമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ പ്രതിനിധിയെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. സമ്പത്തിന് ഡൽഹിയിൽ പ്രത്യേക ഓഫീസും ജീവനക്കാരെയും അനുവദിക്കും എന്നും റിപ്പോർട്ടുണ്ട്. . ആറ്റിങ്ങൽ എം.പിയായിരുന്ന എ.സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വർഷം കോടികൾ കേരളഖജനാവിൽ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങൾക്കുള്ള അംബാസിഡർ. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്കാര കമ്മീഷൻ പോലെ കോടികൾ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാൻ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കിൽ വിഷണറി ആയുള്ള ഭരണത്തലവൻ വേണം. ഇതു വെറും അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...