sreedharan-pillai

കോഴിക്കോട്: മുൻ വിജിലൻസ് ഡയരക്ടർ ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദാക്കി ഉചിതമായ പദവിയിൽ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ഉടൻ നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സസ്പെൻഷൻ ഹീനവും ദുരുദ്ദേശ്യപരവുമാണ്. ജേക്കബ് തോമസിനോടും സെൻകുമാറിനോടും വൈരാഗ്യത്തോടെയാണ് സർക്കാർ പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തെറ്റ് മനസിലാക്കണം. അഴിമതിക്കെതിരെ പോരാടുന്നവർ നീതി ലഭിക്കുന്ന സംവിധാനമായി കാണുന്നത് നരേന്ദ്രമോദി സർക്കാറിനെയാണ്. കൊലപാതക കേസിൽ കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ച സഞ്ജീവ് ഭട്ടിനെ അനുകൂലിക്കുന്നവർ ജേക്കബ്തോമസിന് ഒപ്പം നിൽക്കുന്നില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. സി.പി.ഐയുടെ എം.എൽ.എയെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കണം. കേരളം നിയമവാഴ്ചയുടെ ശവപ്പറമ്പായി മാറി. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ബി.ജെ.പിയുടെ മെമ്പർഷിപ്പ് കാമ്പയിൻ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 15 ലക്ഷമാണ് മെമ്പർഷിപ്പ്. അത് 30 ലക്ഷമാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ പങ്കെടുത്തു