തിരുവനന്തപുരം: ദേശീയ പുരസ്‌കാരങ്ങൾ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും പുരസ്‌കാരങ്ങൾ നിർണ്ണയിക്കുന്ന ജൂറി ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയായാണ് പ്രവർത്തിക്കുന്നതെന്നും വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്തരം ആൾക്കാരാണ് ആർക്ക് അവാർഡ് നൽകണമെന്ന് നിശ്ചയിക്കുന്നതെന്നും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ രാഷ്ട്രീയമുണ്ടെനും അടൂർ തുറന്നടിച്ചു.ബി.ജെ.പിയെ പേരെടുത്ത് പറയാതെയാണ് അടൂരിന്റെ വിമർശനം.
ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരെഴുതിയ കത്തിൽ ഒപ്പുവച്ച അടൂരിനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂരിന് പേര് മാറ്റി അന്യഗ്രഹങ്ങളിൽ പോകാമെന്നാണ് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചത്. വേണ്ടി വന്നാൽ അടൂരിന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കുമെന്ന ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മാതൃകാ പുരുഷനായ ശ്രീരാമന്റെ മഹത്വം സംഘപരിവാർ കളങ്കപ്പെടുത്തുകയാണെന്ന് അടൂരും തിരിച്ചടിച്ചു. ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാൽ പോകാമെന്നും തന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കാൻ താനും കൂടാമെന്നും അദ്ദേഹം ഗോപാലകൃഷ്ണന് മറുപടി നൽകിയിരുന്നു.
അടൂരിനെതിരെയുള്ള ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണെന്നാണ് പിണറായി പറഞ്ഞത്. വിയോജിക്കുന്നവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്നും ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.