ബംഗളൂരു: കഫെ കോഫി ഡേയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമെന്ന നിലയിൽ സിദ്ധാർത്ഥ ഈ മാസം 27ന് ഡയറക്ടർ ബോർഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടി. ആദായനികുതി ഉദ്യോഗസ്ഥരുടെ പീഡനം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതായി കത്തിൽ പറയുന്നു.
എനിക്കുള്ളതെല്ലാം ഞാൻ ബിസിനസിന് സമർപ്പിച്ചു. 37 വർഷം കൊണ്ട് നമ്മുടെ സ്ഥാപനങ്ങളിൽ 30,000 പേർക്കും നമുക്ക് നിക്ഷേപമുള്ള ടെക്നോളജി സ്ഥാപനത്തിൽ 20,000 പേർക്കും തൊഴിൽ നൽകി. എന്നിട്ടും ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് മാതൃക സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. എന്നിൽ വിശ്വാസം അർപ്പിച്ചവരെ കൈവിടേണ്ടിവന്നതിൽ ദുഃഖമുണ്ട്. വളരെക്കാലം ഞാൻ പോരാടി. ഇന്ന് ഞാൻ എല്ലാം കൈവിടുന്നു. ഓഹരികൾ തിരിച്ചു വാങ്ങാനുള്ള ഒരു സ്വകാര്യ പങ്കാളിയുടെ സമ്മർദ്ദം ഇനിയും താങ്ങാൻ വയ്യ. ഒരു സുഹൃത്തിൽ നിന്ന് വൻ തുക കടം വാങ്ങിയാണ് ഒരു ഇടപാട് നടത്തിയത്. സാമ്പത്തിക ഇടപാടുകളുടെയെല്ലാം ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. നമ്മുടെ ബാദ്ധ്യതയേക്കാൾ കൂടുതൽ ആസ്‌തിയുണ്ട്. എല്ലാ ഇടപാടുകളും വീട്ടാൻ അതുകൊണ്ട് കഴിയും-.കത്തിൽ പറയുന്നു.
എന്റെ കുടുംബം ഉൾപ്പെടെ എല്ലാവരിൽ നിന്നും ഈ ഇടപാടുകൾ ഞാൻ മറച്ചു വച്ചു. ഓഡിറ്റർമാർക്കും സീനിയർ മാനേജ്മെന്റിനും ഒന്നും അറിവില്ലായിരുന്നു. ആരെയും ചതിക്കാൻ ഉദ്ദേശിച്ചില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയമായിരുന്നു. എല്ലാ തെറ്റുകൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. എല്ലാവരും എന്നോട് ക്ഷമിക്കണം. മാപ്പ് തരണം.