ന്യൂഡൽഹി: മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിമിഷനേരം കൊണ്ട് വിവാഹബന്ധം തകർക്കുന്ന സമ്പ്രദായത്തെ തൂത്തെറിയുമെന്നുള്ള മോദിയുടെ വാഗ്‌ദാനം അദ്ദേഹം പാലിച്ചതിനാണ് അമിത് ഷാ മോദിയെ അഭിനന്ദിച്ചത്. ബിൽ പാസായ ഈ ദിവസം രാജ്യത്തെ ജനാധിപത്യത്തിന് നല്ല ദിവസമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മുത്തലാഖ് എന്ന പിന്തിരിപ്പൻ സമ്പ്രദായം കാരണം രാജ്യത്ത് കഷ്ടത അനുഭവിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ ബിൽ എന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. ഈ ബില്ലിന് പിന്തുണ നൽകിയ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അമിത് ഷാ തന്റെ നന്ദി അറിയിക്കുകയും ചെയ്തു.
ഏതാനും മണിക്കൂറുകൾക്ക് മുൻപെയാണ് മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസായത്. മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേർ ബില്ലിനെ അനുകൂലിച്ചു. എതിർത്തത് 84 പ്രതിനിധികൾ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികൾ വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
ബില്ലിൽ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സർക്കാർ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബിൽ ഇസ്‍ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബിൽ ബിൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബിൽ സെലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.