muthalaq-
muthalaq

ന്യൂ‌ഡൽഹി: രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ചരിത്രം കുറിച്ചുകൊണ്ട് മുസ്ലീംസമുദായത്തിലെ വിവാഹമോചന സമ്പ്രദായമായ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാക്കി നിരോധിക്കുന്നതിനുള്ള ബിൽ രാജ്യസഭയും പാസാക്കി. ലോക്‌സഭ നേരത്തേ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വയ്‌ക്കുന്നതോടെ നിയമമാകും.

മുസ്ളിം വനിതാ (വിവാഹാവകാശ സംരക്ഷണം) ബിൽ 2019 നിയമമാകുന്ന മുറയ്‌ക്ക് മുസ്ളിം സ്ത്രീയെ ഒറ്റയടിക്ക് മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലുന്ന വിവാഹമോചന രീതി അവസാനിക്കും. മുത്തലാഖ് ചൊല്ലുന്ന പുരുഷന്മാർക്ക് മൂന്നു വർഷം തടവും പിഴയുമാണ് ശിക്ഷ.

ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ, ഇന്നലെ 84 ന് എതിരെ 99 വോട്ടിന് ബിൽ പാസാക്കിയത് മോദി സർക്കാരിന്റെ രാഷ്‌ട്രീയ വിജയമായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം 84-നെതിരെ 100 വോട്ടുകൾക്ക് തള്ളി. പ്രതിപക്ഷ എതിർപ്പു കാരണം രണ്ടു തവണ പാസാക്കാൻ കഴിയാതിരുന്ന ബിൽ ഇന്നലെ പാസാക്കുന്നതിൽ പ്രതിപക്ഷ അനൈക്യം കേന്ദ്രത്തിന് തുണയായി. അസമിൽ നിന്നുള്ള കോൺഗ്രസ് അംഗം സഞ്ജയ് സിംഗ് ബിൽ പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് രാജ്യസഭാംഗത്വം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. കേരളത്തിൽ നിന്നുള്ള എം.പി. വീരേന്ദ്രകുമാറും ജോസ് കെ. മാണിയും എത്തിയില്ല.

നിലവിൽ 241 ആണ് രാജ്യസഭയിലെ അംഗബലം. ഇന്നലെ ബില്ലിനെ എതിർത്ത് ഭരണപക്ഷത്തു നിന്ന് ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികൾ ഇറങ്ങിപ്പോവുകയും, പ്രതിപക്ഷത്ത് ടി.ആർ.എസ് വോട്ടെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെ അംഗസംഖ്യ 213 ഉം, ബിൽ പാസാകാൻ വേണ്ട പിൻബലം 107 ഉം ആയി ചുരുങ്ങി. ഭരണഘടന പ്രകാരം പ്രത്യേക പദവിയുള്ള ജമ്മു കാശ്‌മീർ ഒഴികെ എല്ലാ സംസ്ഥാനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

2017 ആഗസ്റ്റിൽ മുത്തലാഖ് വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. തുടർന്ന് ആ വർഷം ഡിസംബറിലാണ് മുത്തലാഖ് നിരോധന ബിൽ ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബിൽ രാജ്യസഭയിൽ എത്തിയെങ്കിലും പ്രതിപക്ഷ എതിർപ്പു കാരണം പാസായില്ല. ഇന്നലെ നിയമമന്ത്രി രവിശങ്കർ പ്രസാദ് ആണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. പാകിസ്ഥാനും ബംഗ്ളാദേശും ഉൾപ്പെടെ ഇരുപതിലധികം രാജ്യങ്ങൾ മുത്തലാഖ് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്നും, ബില്ലിനെ രാഷ്ട്രീയക്കണ്ണോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ്

മുസ്ളിം സമുദായത്തിലെ മൂന്നു തരം വിവാഹമോചന സമ്പ്രദായങ്ങളിൽ ഒന്ന്. തലാഖ് അഹ്സൻ, തലാഖ് എഹ്സൻ, തലാഖ് തലാഖ് ഉൽ ബിദ്ദത്ത് (ഒറ്റത്തലാഖ്, ഇരട്ടത്തലാഖ്, മുത്തലാഖ്) എന്നിവയാണ് മൂന്നു രീതികൾ. ആദ്യ രണ്ടു രീതികളിലും വിവാഹമോചന തീരുമാനം മാറ്റാൻ അവസരമുണ്ടെങ്കിൽ, മുത്തലാഖ് അന്തിമമാണ്. ഫോണിലൂടെ മൂന്നു തവണ തലാഖ് പറയുകയോ, കത്തിൽ തലാഖ് എന്ന് മൂന്നു തവണ എഴുതി ഭാര്യയ്‌ക്ക് അയച്ചുകൊടുത്താൽ പോലുമോ മുത്തലാഖ് പ്രാബല്യത്തിൽ വരുമായിരുന്നു.

574

സുപ്രീം കോടതി 2017-ൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതിനു ശേഷവും ഇതുമായി ബന്ധപ്പെട്ട് 574 പരാതികൾ കോടതികളിൽ എത്തിയതായി നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 2016- ൽ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന് എതിരെ ഉത്തരാഖണ്ഡിൽ നിന്നുള്ള സൈറാബാനു സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിഷയം സജീവ ചർച്ചയായത്. 15 വർഷത്തെ ദാമ്പത്യത്തിനു ശേഷം സൈറാബാനുവിന്റെ ഭർത്താവ് മൂന്നു തവണ തലാഖ് എഴുതിയ കത്തയച്ച് മൊഴി ചൊല്ലുകയായിരുന്നു. മുത്തലാഖിനെ ഇന്ത്യയിൽ നിയമപരമായി ചോദ്യംചെയ്ത ആദ്യവനിതയാണ് സൈറാബാനു