മുംബയ് : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണർ പൃഥ്വി ഷായെ ബി.സി.സി.ഐ എട്ട് മാസത്തേക്ക് വിലക്കി.. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. വാഡ (WADA വേൾഡ് ആൻഡി- ഡോപ്പിംഗ് ഏജൻസി ) നിരോധിച്ച മരുന്ന് കൂടിയ അളവിൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നിൽ അടങ്ങിയ ടെർബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്.
ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. പരിശോധനയ്ക്ക് അയച്ചത് മുതൽ ഈ വർഷം നവംബർ 15 വരെയാണ് താരത്തിന് വിലേക്കേർപ്പെടുത്തിയത്. വിലക്കിന്റെ കാലയളവിൽ പൃഥ്വി ക്രിക്കറ്റിൽ നിന്ന് പൂർണമായും വിട്ടുനില്‍ക്കണം.
ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തി. ഇക്കാര്യം ബി.സി.സി.ഐ അംഗീകരിക്കുകയും ചെയ്തു. പൃഥ്വിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.