മോസ്കോ: ഇൻസ്റ്റഗ്രാം സൂപ്പർതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 85000 ഫോളോവേഴ്സുള്ള റഷ്യൻ യുവതിയുടെ മൃതദേഹമാണ് മോസ്കോ നഗരത്തിലെ സ്വന്തം ഫ്ലാറ്റിലെ റൂമിനുള്ളിലെ സ്യൂട്ട്കേസിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഏകതറീന കരാഗ്ലനോവയാണ് (24) കൊല്ലപ്പെട്ടത്. ഈയടുത്താണ് ഏകതറീന ഡോക്ടർ ബിരുദം നേടിയത്.
സുഹൃത്തുമൊത്ത് നെതർലൻഡ്സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ പരാതിപ്പെട്ടതോടെയാണ് ഫ്ലാറ്റിൽ തെരച്ചിൽ നടത്തിയത്. സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.
ഫ്ലാറ്റിനുള്ളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുൻകാമുകൻ ഫ്ലാറ്റിൽ വന്നിരുന്നതായി സൂചനയുണ്ട്. ഇൻസ്റ്റഗ്രാമിൽനിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഏകതറീന പ്രശസ്തയായത്.