sampoornesh-babu

നിരവധി ചിത്രങ്ങളുടെ പാരഡി പതിപ്പികളിൽ നായകനായെത്തി പ്രശസ്തി നേടിയ ആളാണ് തെലുങ്ക് നടൻ സമ്പൂർണേഷ് ബാബു. ഒട്ടനവധി ചിത്രങ്ങളിൽ നായകനായി എത്തിയ സമ്പൂർണേഷ് തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് ഒരു ലോകറെക്കോർഡുമായാണ്. മൂന്നര മിനിറ്റ് നീളുന്ന ഡയലോഗ് ഒന്ന് വിശ്രമിക്കാനുള്ള ശ്രമം പോലും നടത്താതെ ഒറ്റയടിക്ക് പറഞ്ഞുകൊണ്ടാണ് സമ്പൂർണേഷ് ഈ ലോകറെക്കോർഡ് കരസ്ഥമാക്കിയത്. 1977ൽ പുറത്തിങ്ങിയ, എൻ.ടി.ആർ അഭിനയിച്ച 'ദാന വീര ശൂര കർണ' എന്ന ചിത്രത്തിലെ ഡയലോഗിന്റെ പാരഡിയാണ് സമ്പൂർണേഷിന്റെ ഈ ഡയലോഗ്. 'കൊബ്ബാരി മട്ട' എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സമ്പൂർണേഷ് മറ്റൊരു സൂപ്പർതാരവും കാണിക്കാത്ത ഈ സാഹസത്തിന് തയാറായത്. തെന്നിന്ത്യൻ നടി ഷക്കീല ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് പത്തിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

മൂന്നര മിനിറ്റ് നീളുന്ന ഹാൻഡ്ഹെൽഡ് ഷോട്ടിലാണ് സമ്പൂർണേഷ് ബാബു ഡയലോഗടിച്ച് കസറുന്നത്. ടീസറായാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ 'കൊബ്ബാരി മട്ട'യുടെ അണിയറ പ്രവർത്തകരാണ് സമ്പൂർണേഷിന്റേത് ലോക റെക്കോർഡാണെന്ന് അവകാശപ്പെടുന്നത്. ഇതിന് ഔദ്യോഗികമായി ഒരു സ്ഥിരീകരണവും വന്നിട്ടില്ല. എങ്കിലും, സമ്പൂർണേഷിന്റേത് പറയുന്നത് പോലെ ഇത്രയും നേരം തീ പാറുന്ന ഡയലോഗ് പറഞ്ഞ് പിടിച്ചുനിൽക്കാൻ ലോകത്ത് ഒരു നടനും ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നാണ് അണിയറപ്രവർത്തകർ ഉറപ്പിച്ച് പറയുന്നത്. ഏതായാലും സമ്പൂർണേഷിന്റെ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.