ആഡംബര ഭവനങ്ങൾ നിർമ്മിക്കുന്നവരിൽ ഏറിയ പങ്കും സെലിബ്രെറ്റികളും കോടീശ്വരൻമാരായ വ്യവസായികളുമാണ്. സ്വപ്‌നവീട് പണിയാൻ എത്രകോടിരൂപ വേണമെങ്കിലും മുടക്കാൻ ഇവർ തയ്യാറാണ്. ഓൺലൈൻ ഭക്ഷണവിപണിയിലെയും ഓൺലൈൻ ടാക്സി മേഖലയിലെയും ഭീമൻമാരായ യൂബറിന്റെ സഹസ്ഥാപകൻ ഗാരെറ്റ് കാംപ് ഇത്തരത്തിൽ വീടിനായി മുടക്കിയത് പത്തും പതിനഞ്ചും കോടിയല്ല, അഞ്ഞൂറു കോടിയോളം രൂപയാണ്.
കാംപും പങ്കാളി എലിസാ നുയെനും ചേർന്നാണ് വീട് സ്വന്തമാക്കിയത്. 498 കോടിയിൽപരം രൂപ നൽകിയാണ് ബെവെർലി ഹിൽസിൽ കാംപ് വീട് സ്വന്തമാക്കിയത്. ബെവെർലി ഹിൽസിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും വിലയേറിയ വീടാണിതെന്നാണ് റിപ്പോർട്ടുകൾ.
12,000 ചതുരശ്ര അടിയുള്ള വീട്ടിൽ ഏഴു ബെഡ്‌റൂമുകളും ഒരു ഗസ്റ്റ് ഹൗസുമാണുള്ളത്. 28,000 കോടിയോളമാണ് കനേഡിയയിൽ നിന്നുള്ള സംരംഭകനായ കാംപിന്റെ ആസ്തി. ബെവെർലി ഹിൽസിലെ വീടിനു പുറമെ ലോസ് ആഞ്ചലസിലും സാൻഫ്രാൻസിസ്‌കോയിലും മാൻഹട്ടനിലും കാംപിനു വീടുകളുണ്ട്.
ലോസ്ആഞ്ചലസിൽ നൂറ്റിയേഴ് കോടിയുടെ രണ്ട് കണ്ടംപററി വീടുകളും സാൻഫ്രാൻസിസ്‌കോയിൽ ഇരുപതു കോടിയുടെ പെന്റ്ഹൗസും അമ്പത്തിയെട്ട് കോടിയുടെ മാൻഷനും മാൻഹട്ടനിൽഅമ്പത്തിയാറു കോടിയുടെ മാൻഷനും കാംപിനുണ്ട്. 2019ൽ തന്നെ സാൻഫ്രാൻസിസ്‌കോയിൽ 182 കോടി മുടക്കി പുരാതനകാലത്തെ മാൻഷനും കാംപ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ കാംപിന്റെ വസ്തുവാങ്ങലിനെ വിമർശിച്ച് ആക്റ്റിവിസ്റ്റുകളും യൂബർ ഡ്രൈവര്‍മാരും രംഗത്തെത്തിയിരുന്നു. യൂബറിന്റെ തൊഴിലാളികളോടുള്ള സമീപനം ശരിയല്ലെന്നും തൊഴിൽ ചെയ്യാനുള്ള മികച്ച സാഹചര്യം ഒരുക്കുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കാംപ് വീട് വാങ്ങിയതിനെ കുറ്റപ്പെടുത്തുന്നത്.