പാലക്കാട്: പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കല്ലേക്കാട് എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കുമാറിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിൽ പറയുന്നതായാണ് വിവരം. താൻ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കുമാറിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഒറ്റപ്പാലം സി.ഐയുടെ കൈയിലാണ് കത്തുള്ളത്.
മേലുദ്യോഗസ്ഥരായ രണ്ട് പേരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ക്യാംപിൽ കഠിനമായ ജോലികൾ ചെയ്യേണ്ടി വന്നെന്നും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിച്ചതിൽ മേലുദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചതായും കത്തിലുണ്ട്.
കുമാറിന്റെ ഭാര്യയുടെ പരാതിയിൽ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പിക്ക് ഒറ്റപ്പാലം സി.ഐ ഉടനെ കത്തിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകും. തുടർന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും ചേർത്ത് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറും. ആത്മഹത്യക്കുറിപ്പിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.