ജീവിതം കൈകാര്യം ചെയ്യുന്നതിലുള്ള അപാകതകൾ, പാരമ്പര്യഘടകങ്ങൾ, രോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ വിഷാദത്തിന് കാരണമായേക്കാം. ശരിയായ ചികിത്സ ലഭിക്കാതെ മനസിലുള്ള വിഷാദം വളർന്നാൽ അപകടമാകും. മാനസിക വിഷമം, പിരിമുറുക്കം, നിരാശ എന്നിവ തോന്നുമ്പോൾ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ജീവിതപങ്കാളിയുടെയോ സഹായം തേടുക. വൈദ്യസഹായവും ഉറപ്പാക്കണം.
വ്യായാമം ശരീരത്തിന് മാത്രമല്ല മനസിനും ആരോഗ്യം നൽകും. വ്യായാമം മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസഘടകങ്ങളുടെ അളവ് ക്രമീകരിച്ച് വിഷാദം ഇല്ലാതാക്കും. ഉല്ലാസയാത്രകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തും. സമീകൃതാഹാരം ആരോഗ്യമുള്ള മനസിനും അത്യന്താപേക്ഷിതമാണ്. നല്ല സൗഹൃദങ്ങൾ മാനസികാരോഗ്യത്തിന് അവശ്യഘടകമാണ്. വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ പേപ്പറിൽ കുറിക്കുക. ഇത് മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും.
അശുഭചിന്തകൾ, മത്സരബുദ്ധി, കോപം, പക എന്നിവയുള്ള സ്വഭാവക്കാരുമായി ചങ്ങാത്തം അരുത്. മാനസികമായ കരുത്തില്ലെങ്കിൽ സമ്മർദ്ദമുണ്ടാക്കുന്ന ജോലികൾ ഏറ്റെടുക്കാതിരിക്കുക. വായന, സംഗീതം, യോഗ എന്നിവ മനസിന് ഉന്മേഷം നൽകും. ചിരിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്.