vg-siddhartha

ബംഗളൂരു: ദുരൂഹ സാഹചര്യത്തിൽ കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ ജി.വി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. നീണ്ട 34 മണിക്കൂർ തിരച്ചിലിനൊടുവിൽ മംഗളൂരു തീരത്ത് ഹൊയ്ഗെ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌ഗെ ബസാറിൽ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ആദായനികുതി വകുപ്പിന്റെ പീഡനവും സൂചിപ്പിക്കുന്ന കത്ത് എഴുതിവച്ചിട്ടാണ് സിദ്ധാർത്ഥ ബംഗളൂരുവിലെ വീട്ടിൽ നിന്ന് പോയത്. പാലത്തിൽ നിന്ന് നദിയിലേക്ക് ഒരാൾ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസിൽ ഫോൺ ചെയ്‌ത് അറിയിച്ചിരുന്നു. അയാൾ വള്ളവുമായി അടുത്തെത്തിയപ്പോഴേക്കും വീണ ആൾ ശക്തമായ ഒഴുക്കിൽ പെട്ടിരുന്നു. അതിന് പിന്നാലെ, സിദ്ധാർത്ഥയെ പാലത്തിൽ നിന്ന് കാണാതായെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറുടെ ഫോൺ കാളും പൊലീസിന് ലഭിച്ചിരുന്നു.