തിരുവനന്തപുരം,ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിയെന്നും അതിനാലാണ് ബാഹുബലിയൊക്കെ പുരസ്‌കാരം നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജനാധിപത്യ രാഷ്ട്രത്തിന് യോജിക്കാത്ത രീതിയിലുള്ള സെൻസറിംഗ് എടുത്തുകളയണമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലും നാടകത്തതിലും മാദ്ധ്യമപ്രവർത്തനത്തിലും പ്രസംഗത്തിലൊന്നും സെൻസറിംഗ് പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ തുടങ്ങുന്നതിന് മുമ്പുള്ള സിഗരറ്റ് വിരുദ്ധ പരസ്യത്തെയും അടൂർ വിമർശിച്ചു. ഈ ഭീകരപരസ്യം കണ്ടാൽ സിനിമകാണാൻ പോലും തോന്നില്ലെന്നും അത്ര കുഴപ്പക്കാരനാണെങ്കിൽ സർക്കാരിന് പുകയില ഉത്പന്നങ്ങൾ നിരോധിച്ചാൽപ്പോരെയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ പരസ്യങ്ങൾ സൗജന്യമായി നൽകാനുള്ള ഉപാധിയായി സിനിമ മാറിയെന്നും അടൂർ കുറ്റപ്പെടുത്തി.
സെൻസർ ബോർഡിനെതിരെയും അടൂർ രംഗത്തെത്തി. 'സിനിമയിൽ മീൻവെട്ടുന്ന രംഗത്തിൽ പൂച്ച ഇരിക്കുന്നത് കണ്ട് വിശദീകരണവും ആനിമൽ പ്രൊട്ടക്ഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റും ചോദിച്ച സെൻസർബോർഡ് ഇത് വൈകൃതമാക്കി മാറ്റുകയാണ്, ഒരു മന്ത്രിക്കുണ്ടായ ഉൾവിളിയാണ് ഇതിന് കാരണം. ചലച്ചിത്രപ്രവർത്തകരുടെ തോളിൽക്കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവർ കറവ വറ്റിയ പശുക്കൾ വിശന്ന് വീണ് ചാവുന്ന ദയനീയ അവസ്ഥ കാണുന്നില്ല. പുസ്തകം വായിക്കാത്തവരും സിനിമയെക്കുറിച്ച് ഒന്നും അറിയാത്തവരുമാണ് സെൻസർ ബോർഡിൽ ഇരിക്കുന്നത്.'- അദ്ദേഹം പറഞ്ഞു. ടെലിവിഷൻ രംഗത്തെ കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച സെൻസർ ബോർഡും ഇന്ത്യൻ സിനിമയും എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂർ.