tiktok-video

അഹമ്മദാബാദ്: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് സ്‌റ്റേഷനിൽവെച്ച് ടിക്‌ടോക് വീഡിയോ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ മെഹ്‌സാന ജില്ലയിലെ ലംഗ്‌നജ് പൊലീസ് സ്റ്റേഷനിലെ അർപ്പിത ചൗധരി എന്ന ഉദ്യോഗസ്ഥയെയാണ് സസ്‌പെൻഡ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും ഒരു പൊലീസുകാരിയുടെ കൂടി ടിക്ടോക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തമാശ എന്തെന്നാൽ ടിക്ടോക് വീഡിയോ ചിത്രീകരിച്ചതിന് അർപ്പിതയ്‌ക്കെതിരെ അന്വേഷണം നടത്തി സസ്‌പെൻഷൻ വാങ്ങിക്കൊടുത്ത ഐ.പി.എസുകാരിയായ മഞ്ജിത വൻസാരയാണ് ടിക്ടോക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

'പൊലീസുകാർ അച്ചടക്കം പാലിക്കണം,അതവർ ചെയ്യാത്തത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്' എന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോൾ ടിക്ടോക് വീഡിയോയുമായെത്തിയിരിക്കുന്നത്. എന്നാൽ അർപ്പിത ജോലിസമയത്ത് സ്റ്റേഷനുള്ളിൽ വീഡിയോ ചിത്രീകരിച്ചതാണ് കുറ്റമെന്നും ജോലിസമയമല്ലാത്തതിനാൽ താൻ കുറ്റക്കാരിയല്ലെന്നും ചെറുപ്പക്കാരിയും ഫാഷൻ ഡിസൈനിഗും പഠിച്ചയാളാണ് താനെന്നുമാണ് മഞ്ജിതയുടെ വാദം. വീണ്ടും ടിക്ടോക് വീഡിയോ ആവർത്തിക്കപ്പെട്ടതോടെ ഡി.ജി.പി വടിയെടുത്തു. യൂണിഫോമിലായാലും അല്ലെങ്കിലും പോലീസ് പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണമെന്ന് ഡി.ജി.പി. ശിവാനന്ദ ഝാ സർക്കുലർ പുറപ്പെടുവിച്ചുകഴിഞ്ഞു.