ന്യൂഡൽഹി: ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ സുപ്രീംകോടതിക്ക് അയച്ച കത്ത് തനിക്ക് ലഭിക്കാൻ വൈകിയതിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് വിശദീകരണം തേടി. കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ആളുകൾ, കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കള്ളക്കേസിൽ ജയിലിലാക്കുമെന്ന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ, സഹോദരി, അമ്മായി എന്നിവർ ഈ മാസം 12 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ഈ മാസം 7, 8 തീയതികളിലുണ്ടായ രണ്ട് സംഭവങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്. കുൽദീപിന്റെ സഹോദരൻ മനോജ് സിംഗും കൂട്ടാളി ശശി സിംഗും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ, ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ സുപ്രീം കോടതി രജിസ്ട്രി വരെ എത്തിയ ഈ കത്ത് ചീഫ് ജസ്‌റ്റിന് മുന്നിലെത്തിയിരുന്നില്ല. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ ആവശ്യം. പെൺകുട്ടി കത്തയച്ച വിവരം താൻ മാദ്ധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഉന്നാവോ കേസ് നാളെ പരിഗണിക്കുമെന്നും ചീഫ് ജസ്‌റ്റിസ് അറിയിച്ചു.
അതേസമയം, കത്തയച്ച് ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം റായ്ബറേലിയിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽ പെടുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത സി.ബി.ഐ സംഘം എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു. കുൽദീപ് സെൻഗാറും പത്ത് കൂട്ടാളികൾക്കും പുറമെ അരുൺ സിംഗ് എന്നയാളെയും സി.ബി.ഐ സംഭവത്തിൽ പ്രതികളാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ രൺവീന്ദർ സിംഗിന്റെ മരുമകനായ അരുൺ സിംഗിനെയാണ് പ്രതി ചേർത്തിരിക്കുന്നത്.
2017ൽ ജോലിയന്വേഷിച്ച് വീട്ടിലെത്തിയ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത കുൽദീപ് സിംഗ് സെൻഗാർ ഒരുവർഷമായി ജയിലിലാണ്. ജയിലിൽ ഇരുന്ന് പുറത്തുള്ള സ്വാധീനമുപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. കുൽദീപിനെതിരെ നടപടിയെടുക്കാതെ വന്നതോടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ പെൺകുട്ടിയും ബന്ധുക്കളും സ്വയം തീ കൊളുത്തിയതോടെയാണ് പൊലീസ് കേസ് ഗൗരവമായെടുത്തത്. തൊട്ടുപിന്നാലെ കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, കേസിലെ പ്രധാന സാക്ഷി മുഹമ്മദ് യൂനുസും ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ടു. ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.