പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതാണ് ചില സ്കൂളുകൾ. അവിടുത്തെ അന്തരീക്ഷവും അദ്ധ്യാപകരുമെല്ലാം ഓർമ്മപ്പെടുത്തലുകളുടെ ബാക്കിപ്പത്രങ്ങളാവും ചില നേരത്ത്. അത്തരത്തിൽ ഒരു സ്കൂളാണ് കോട്ടയ്ക്കൽ ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ. 1919 ൽ സാമൂതിരിപ്പാട് ആരംഭിച്ചതാണ് സ്കൂൾ. ഇന്നിവിടെ സ്റ്റേഡിയം പണിയുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ അദ്ധ്യാപകരും അധികൃതരും. ഒപ്പം പരിസ്ഥിതി പ്രവർത്തകരുമുണ്ട്.
സ്കൂളിനു കിഴക്കുവശത്തുള്ള ജലാശയ പ്രദേശത്ത് സ്റ്റേഡിയം പണിയുന്നതിന് ഒരു പദ്ധതി തയ്യാറായിട്ടുണ്ട്. ഇവിടെ സംഭരിക്കപ്പെടുന്ന മഴവെള്ളമാണ് ഉറവകളായും മറ്റും കുന്നിൻ താഴ് വരകളെ സമ്പന്നമാക്കുന്നതും കിണറുകളെ നിറയ്ക്കുന്നതും. ഇവയുടെ നാശം ജലചക്രത്തെ തകർക്കും. ഇതിനെതിരെയാണ് അദ്ധ്യാപകരും പ്രവർത്തകരും രംഗത്തെത്തിയത്. ധനമന്ത്രി തോമസ് ഐസക്കാണ് ഈ സ്കൂളിനെ കുറിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശുഭപ്രതീക്ഷകളുടെ വസന്തോദ്യാനങ്ങളാണ് നല്ല സ്കൂളുകൾ. കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിനും ആ വിശേഷണം ചേരും. 1919 ൽ സാമൂതിരിപ്പാട് ആരംഭിച്ചതാണ് സ്കൂൾ. 13 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസ്. അതിൽ നാലേക്കറിൽ വർഷത്തിൽ പകുതി നിറഞ്ഞു കിടക്കുന്ന ജലാശയം. 3500 കുട്ടികളാണ് പഠിക്കുന്നത്. പഴമയുടെ പ്രൌഢിയിൽ ഒറ്റനിരയിൽ നീണ്ട സ്കൂൾ കെട്ടിടം. ഇപ്പോൾ രണ്ടു നിലയിൽ 16 ക്ലാസ് മുറികളുടെ കെട്ടിടം കിഫ്ബി സഹായത്തോടെ ഉയരുന്നുണ്ട്.
നല്ല പഠനം മാത്രമല്ല, ഒട്ടേറെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളും രാജാസിന്റെ മുഖമുദ്രയാണ്. ഞായറാഴ്ച ഞാൻ ചെല്ലുമ്പോൾ മരത്തണലിൽ യുറീക്ക വായനശാലയുടെ കുട്ടികളുടെ പാട്ടുപരിശീലനം നടക്കുകയാണ്. കൂട്ടപ്പാട്ടുകൾക്ക് നേതൃത്വം നൽകുന്നത് അതുൽ ആണ്. കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കൂടിയാണ് അതുൽ. ഓഡിറ്റോറിയത്തിൽ നാടക് സംഘടിപ്പിക്കുന്ന നാടക ക്യാമ്പും നടക്കുന്നുണ്ടായിരുന്നു. സ്കൂളിലെ ജൈവവൈവിധ്യോദ്യാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യത്തെ മരം നടീലായിരുന്നു എന്റെ ചുമതല.
സ്കൂളിന്റെ ഉമ്മറത്തുള്ള കൂമൻകാവ് അഥവാ ഒ.വി വിജയൻ സ്മൃതിവനം ആരുടെയും ശ്രദ്ധയിൽപ്പെടും. ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നത് ഇങ്ങനെയാണല്ലോ –“കൂമൻകാവിൽ ബസ് ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ചു നിന്ന മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങൾക്കു നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.”
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഒ.വി വിജയൻ. അദ്ദേഹം സ്മാരകത്തിന് കൂമൻകാവ് എന്നല്ലാതെ മറ്റെന്തു പേരിടും. പി.ടി.എയുടെ സഹൃദയത്വം പക്ഷേ, വിവാദമായി. സ്മാരകം ഒരു രാത്രിയിൽ ആക്രമിക്കപ്പെട്ടു. ഇത് അന്ന് കേരളത്തിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു. സമദാനി അടക്കമുള്ളവരുടെ ഇടപെടൽമൂലം പ്രതിമ പൂർവ്വസ്ഥിതിയിൽ സ്ഥാപിക്കപ്പെട്ടു. പാമ്പുകളുടെ ശിൽപ്പം ഇപ്പോഴുമുണ്ട്. കാവിൽ കുറച്ചുകൂടി മരങ്ങളും ചെടികളും ആകാമെന്ന് എനിക്ക് തോന്നി.
ഒ.വി വിജയന്റെ കഥകളിലെയും നോവലുകളിലെയും പരാമർശിക്കപ്പെടുന്ന എല്ലാ മരങ്ങളും ചെടികളും രാജാസിലെ ജൈവ വൈവിധ്യോദ്യാനത്തിൽ വേണമെന്നു മാത്രമായിരുന്നു എന്റെ നിർദ്ദേശം. മറ്റൊരു വിവാദവും രാജാസ് സ്കൂളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂളിനു കിഴക്കുവശത്തുള്ള ജലാശയ പ്രദേശത്ത് സ്റ്റേഡിയം പണിയുന്നതിന് ഒരു പദ്ധതി തയ്യാറായിട്ടുണ്ട്. സ്കൂൾ അധികൃതരും പരിസ്ഥിതി പ്രവർത്തകരും ഇതിന് എതിരായും രംഗത്തു വന്നിട്ടുണ്ട്. മലപ്പുറം പ്രദേശത്ത് ഇതുപോലുള്ള കുന്നിൻമേടകളിലെ ജലാശയങ്ങൾ പലസ്ഥലങ്ങളിലും കാണാം.
‘ചെന’ എന്ന പേരുകൂട്ടിയാണ് ഇത്തരം പ്രദേശങ്ങൾ അറിയപ്പെടുന്നത്. ഇവിടെ സംഭരിക്കപ്പെടുന്ന മഴവെള്ളമാണ് ഉറവകളായും മറ്റും കുന്നിൻ താഴ് വരകളെ സമ്പന്നമാക്കുന്നതും കിണറുകളെ നിറയ്ക്കുന്നതും. ഇവയുടെ നാശം ജലചക്രത്തെ തകർക്കും. ഇത്തരം കാര്യങ്ങൾ വിശദമായ പഠനത്തിനു വിധേയമാക്കണം. ഏതായാലും ആ വിശാലമായ ജലാശയം ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാജാസ് സ്കൂളിനെക്കുറിച്ച് അവിടെ പഠിച്ചിട്ടുള്ള ആർക്കെങ്കിലും എങ്ങനെയാണ് സങ്കൽപ്പിക്കാനാവുകയെന്ന് എനിക്കും തോന്നി.