smiling-killer

ബീജിംഗ്:ആറ് പേരെ കൊലപ്പെടുത്തുകയും പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 12 പേരെ പീഡിപ്പിക്കുകയും ചെയ്‌ത് ചൈനയെ വിറപ്പിച്ച സീരിയൽ കില്ലറുടെ വധശിക്ഷ രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം നടപ്പിലാക്കി. പുഞ്ചിരിക്കുന്ന കൊലയാളി (സ്‌മൈലിംഗ് കില്ലർ) എന്നറിയപ്പെടുന്ന 47കാരനായ ഹാവോ ഷിഹോംഗിന് 2015ലാണ് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് പ്രതി അപ്പീലുമായി സുപ്രീം പീപ്പിൾസ് കോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.

1996 മുതൽ 2005വരെ ചൈനയുടെ ഉത്തരമേഖലയിൽ നിരവധി കുറ്റകൃത്യങ്ങളാണ് ഇയാൾ ചെയ്‌തുകൂട്ടിയത്. കൈകൾ കൊണ്ടും ടെലഫോൺ വയർ ഉപയോഗിച്ചുമാണ് മിക്ക ഇരകളെയും ഇയാൾ കൊന്നിരുന്നത്. ഒരാളുടെ കഴുത്തറുത്ത സംഭവത്തിലും ഇയാൾ പ്രതിയാണ്. പ്രതി കൊലപാതകം ചെയ്‌ത രീതി ഞെട്ടിക്കുന്നതാണെന്ന് കേസിൽ വിധി പറഞ്ഞ കോടതി വിലയിരുത്തി. വിചാരണയ്‌ക്കായി ജലിയിൽ കഴിയുന്ന കാലത്ത് പ്രതിയെ സന്ദർശിച്ച ഒരു മാദ്ധ്യമ പ്രവർത്തകനാണ് ഇയാൾക്ക് പുഞ്ചിരിക്കുന്ന കൊലയാളിയെന്ന് പേരിട്ടത്. എന്ത് കാര്യം ചോദിച്ചാലും പുഞ്ചിരിയോടെ മറുപടി പറയുന്നതിനാലാണ് ഇത്തരമൊരു വിശേഷണം നൽകിയത്.

മംഗോളിയയിലെ ഹോഹോട്ടിലെ ഒരു ടെക്‌സ്റ്റൈൽ ഫാക്‌ടറിയിലെ ടോയ്‌ലറ്റിൽ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾ പ്രതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേകേസിൽ ഹുഗ്‌ജിറ്റു എന്ന പതിനെട്ടുകാരൻ പ്രതിയാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. സംഭവത്തിൽ അപ്പീൽ നൽകിയെങ്കിലും ഇയാളെ വധിക്കാനായിരുന്നു കോടതി വിധി. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഹുഗ്‌ജിറ്റുവിനെ കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തി.