തിരുവനന്തപുരം: പിതൃമോക്ഷത്തിന് പതിനായിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തി. മൺമറഞ്ഞു പോയ പിതൃക്കളെ ഓർക്കാനും അവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാനുമുള്ള ദിവസമാണ് ഇന്ന്. ''ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ...'' എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലി സംസ്ഥാനത്തെമ്പാടുമുള്ള പുണ്യകേന്ദ്രങ്ങളിലും സ്നാനഘട്ടങ്ങളിലും, പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം ചെയ്തു. പുലർച്ചെ 2.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ബലിതർപ്പണം.
പിതൃക്കളുടെ ആത്മാക്കളെ തൃപ്തമാക്കാൻ ദർഭയും നീരും ചേർത്ത് ബലിച്ചോർ നിവേദിച്ചുള്ള തർപ്പണത്തിന് പുലർച്ചെ മുതൽ എല്ലായിടത്തും വൻതിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ടു വരെ ബലിയർപ്പിക്കാനുള്ള സൗകര്യവും ചിലയിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, വർക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്.
ശംഖുമുഖം തീരത്ത് കർക്കടക വാവ് തർപ്പണത്തിനായി തയാറാക്കിയ ബലിപ്പുരകളിലൊന്ന്. ഇന്നു പുലർച്ചെയോടെ ചടങ്ങുകൾ തുടങ്ങി. പ്രധാന സ്ഥലങ്ങളിൽ ഇന്നലെ രാത്രി മുതൽ ഭക്തർ എത്തിത്തുടങ്ങിയിരുന്നു. കടൽക്ഷോഭ ഭീഷണി നേരിടുന്നതിനാൽ ഇക്കുറി ശംഖുംമുഖത്ത് ബലി തർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കടലിന്റെ ഒരു വശത്ത് മാത്രമാണ് വിശ്വാസികൾക്ക് പിണ്ഡം ഒഴുക്കാൻ അനുമതിയുണ്ടായിരുന്നത്. തിരുവല്ലത്തും പാപനാശത്തും വലിയ തിരക്കുണ്ടായിരുന്നു. ത്രിമൂർത്തി സംഗമസ്ഥാനമായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതൽപ്പണം പുലർച്ചെ രണ്ട് മണി മുതൽ ആരംഭിച്ചു. പതിനായിരങ്ങൾ ബലിതർപ്പണം നടത്താൻ ഇവിടെയെത്തി.