flag

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തി. "കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം ഒളിച്ചു കളി അവസാനിപ്പിക്കണം. പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യു.ഡി.എഫ് നേതൃത്വം തയ്യാറാകണമെ"ന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കോൺഗ്രസ്സ്. തള്ളിപ്പറയാൻ സാധിക്കാത്തത് പോപ്പുലർ ഫ്രണ്ട് യു.ഡി.എഫിന്റെ സഖ്യ കക്ഷിയായതിനാൽ. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യു.ഡി.എഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണ്. മുസ്ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം. ഒളിച്ചു കളി അവസാനിപ്പിക്കണം.


പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യു.ഡി.എഫ് നേതൃത്വം തയ്യാറാകണം. എന്തിനും ഏതിനും സി.ബി.ഐ അന്വഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വഷണം ആവശ്യപ്പെടുമോ?