കൊല്ലം: ഭർത്താവിനെ വേണമെന്ന ആവശ്യവുമായി ഭാര്യമാർ തമ്മിൽ അടി. വനിത കമ്മിഷൻ അദാലത്തിനിടെയാണ് സംഭവം. കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് പരാതിക്കാരിയും എതിർകക്ഷിയും. അദാലത്തിനിടെ പരാതിക്കാരി എതിർ കക്ഷിയെ തല്ലി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുവരെയും അനുനയിപ്പിക്കാൻ പൊലീസ് കഴിവിന്റെ പരമാവധി ശ്രമിച്ചു. ആദ്യത്തെ 15 ദിവസം ഒരു ഭാര്യയുടെ കൂടെയും അടുത്ത 15 ദിവസം രണ്ടാം ഭാര്യയുടെയും കൂടെ താമസിക്കാൻ പൊലീസ് നിർദേശിച്ചെങ്കിലും ഭാര്യമാർ അത് സമ്മതിച്ചില്ല. അടുത്ത അദാലത്തിൽ മക്കളോടും ഇവരുടെ ഭർത്താവിനോടും ഹാജരാകാൻ ആവശ്യപ്പെടുമെന്ന് വനിത കമ്മിഷൻ അറിയിച്ചു.
42 വർഷം മുമ്പാണ് പരാതിക്കാരി കടയ്ക്കൽ സ്വദേശിയെ വിവാഹം കഴിക്കുന്നത്. ഇവർ തമ്മിൽ പിരിയുകയും പരാതിക്കാരി വിദേശത്തേക്ക് പോകുകയും ചെയ്തു. 23 വർഷങ്ങൾക്ക് മുമ്പ് ഇയാൾ രണ്ട് കുട്ടികളുടെ അമ്മയായ വിധവയെ വിവാഹം കഴിച്ചു. ഇപ്പോൾ നാട്ടിലെത്തിയ ആദ്യ ഭാര്യയ്ക്ക് ഇയാളെ വേണമെന്നാണ് ആവശ്യം. തന്റെ ഭർത്താവിനെ പിടിച്ച് വച്ചിരിക്കുകയാണെന്ന് കാണിച്ച് പൊലീസിലും വനിത കമ്മിഷനിലും പരാതി നൽകുകയും ചെയ്തു.