ഗുവാഹത്തി: "മനോഹരി" തേയിലയെ കുറിച്ച് കേട്ടിട്ടുണ്ടോ? അസമിലെ മനോഹരി എസ്റ്റേറ്റിലെ തേയിലയാണിത്. ഹാൻഡ്മെയ്ഡായി തയ്യാറാക്കുന്ന ഈ തേയില ഒരു കിലോയ്ക്ക് 50,000 രൂപയെന്ന നിരക്കിലാണ് ലേലത്തിൽ വിറ്റു പോയത്. ചൊവ്വാഴ്ച രാവിലെ നടന്ന ലേലത്തിലാണ് മനോഹരി ഗോൾഡ് തേയിലയ്ക്ക് ഇത്രയും വില ലഭിച്ചത്. ഒരു പൊതു ലേലത്തിൽ തേയിലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണിത്.
സാധാരണയായി ഇലകളിൽ നിന്നാണ് തേയില ഉത്പാദിപ്പിക്കുന്നതെങ്കിലും മനോഹരി തേയില ഉണ്ടാക്കുന്നത് ചെറിയ മുകുളങ്ങളിൽ നിന്നാണ്. മേയ്-ജൂൺ മാസങ്ങളിൽ നുള്ളിയെടുക്കുന്ന മുകുളങ്ങളാണ് തേയില ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. അഞ്ച് വർഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. അതിരാവിലെയാണ് ഇതിനായുള്ള നാമ്പുകൾ ശേഖരിക്കുന്നത്.
വർഷത്തിൽ വെറും അഞ്ച് കിലോ തേയില മാത്രമാണ് ഇങ്ങനെ ഉണ്ടാക്കുന്നതെന്നും എസ്റ്റേറ്റ് ഉടമ വെളിപ്പെടുത്തി. അസമിലെ തേയില കർഷകർ ജീവിക്കാൻ നന്നേ പാടുപെടുകയാണെന്നും അതുകൊണ്ട് കൂടുതൽ വിളവെന്ന ലക്ഷ്യത്തിൽ നിന്നും മികച്ച ഗുണനിലവാരം എന്ന ലക്ഷ്യത്തിലേക്ക് പലരും തിരിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം ഇതേ ബ്രാൻഡ് തേയില ലേലത്തിൽ വിറ്റത് 39, 001 രൂപയ്ക്കായിരുന്നു.
എന്നാൽ, അധികം താമസിയാതെ അരുണാചൽ പ്രദേശിൽ ഗോർഡൻ നീഡിൽ ഇനത്തിൽപെട്ട തേയില കിലോയ്‌ക്ക് 40,000 രൂപയ്ക്ക് വിറ്റതോടെ ആ റെക്കാർഡ് തകർന്നു. ഇക്കൊല്ലം അഞ്ച് കിലോ മനോഹരി ഗോൾഡ് തേയില മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളൂവെന്ന് ദിബ്രൂഗഡിലെ മനോഹരി തേയിലത്തോട്ടമുടമ രാജൻ ലോഹ്യ പറഞ്ഞു.