-church-

ഓ‌‌രോ യാത്രകളും വ്യത്യസ്ത കാഴ്ചകളും കഥകളുമാണ് യാത്രികർക്ക് നൽകുന്നത്. അത്തരത്തിൽ ഒരു പുരാതന പള്ളിയാണ് ചമ്പക്കുളം. ഏറെ കൗതകം നിറ‌ഞ്ഞതാണ് പുണ്യ നദിയെന്ന് വിശ്വസിക്കുന്ന പമ്പയുടെ തീരത്തെ ചമ്പക്കുളം വലിയ പള്ളി. ഒരുപാട് ചരിത്ര കഥകളുണ്ട് ഈ പള്ളിക്ക് പിന്നിൽ. കേരളത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണിത്. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള ഈ പള്ളിയെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളുടെ മാതൃദേവാലയം എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ഒൻപത് ബസലിക്ക ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്.

നാലാം നൂറ്റാണ്ടിലാണ് ഈ പള്ളിയുടെ നിർമ്മാണം നടന്നത് എന്നാണ് പറയപ്പെടുന്നത്. കല്ല്, ഊര്, കാട് എന്നീ മൂന്നു വാക്കുകളിൽ നിന്നും കല്ലൂർക്കാട് വന്നു എന്നും ചമ്പ ഭഗവതിയുടെ ക്ഷേത്രമുള്ളയിടം ചമ്പക്കുളം ആയെന്നും പറയപ്പെടുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. ഇന്നത്തെ സെമിത്തേരിയുടെ സ്ഥാനത്തായിരുന്നു ഓ‌ല മേഞ്ഞ് ക്ഷേത്രത്തിന്റെ ആകൃതിയിലായിരുന്നു പള്ളിയുടെ ആദ്യ രൂപം.

ശേഷം വന്ന പല രാജാക്കൻമാരും പള്ളിയുടെ നിർമ്മാണത്തിന് പല രീതിയിലും സഹായം നൽകിയിട്ടുണ്ട്. ചെമ്പകശ്ശേരി രാജാക്കന്മാരാണ് ഇതിൽ പ്രധാനികൾ. അമ്പലപ്പുഴ ക്ഷേത്രവുമായും ചമ്പക്കുളം പള്ളിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. ദിവസവും പ്രാർത്ഥനകളില്ലാതിരുന്ന ഇവിടെ പ്രേതബാധ മൂലം ദിവസവും പ്രാർത്ഥനകൾ നടത്തണമെന്ന് പറഞ്ഞത് ചെമ്പകശ്ശേരി രാജാവാണെന്നും ഒരു വിശ്വാസമുണ്ട്. ഗോഥിക്, ബാരോക്ക് രീതികൾ സമന്വയിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. യേശുവിന്റെ ജീവിതത്തിലെ പ്രധാന ചില സംഭവങ്ങളുടെ ഇലച്ചായ ചിത്രങ്ങൾ, പഴയ നിയമത്തിലെ ചില സംഭവങ്ങൾ തുടങ്ങിയവ ഇവിടെ വരച്ചിട്ടിരിക്കുന്നത് കാണാം.