kafe

മംഗളൂരു: കോടീശ്വരനായ കോഫി രാജാവും കഫേ കോഫി ഡേ ശൃംഖലയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ വി.ജി. സിദ്ധാർത്ഥയുടെ (60) മൃതദേഹം നേത്രാവതി നദീതീരത്ത് കണ്ടെത്തി. മംഗളൂരു ബോളാർ ഹൊയ്ഗെ ബാസാർ ഐസ് പ്ലാന്റിന് സമീപമാണ് ഇന്നലെ രാവിലെ ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച സന്ധ്യയ്‌ക്ക് ഏഴ് മണിയോടെയാണ് മംഗളൂരു - കാസർകോട് ദേശീയപാതയിൽ നേത്രാവതി നദിയിലെ പാലത്തിൽ സിദ്ധാർത്ഥയെ കാണാതായത്. ഏതാണ്ട് ആ സമയത്ത് പാലത്തിൽ നിന്ന് ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ടതായി ഒരു മത്സ്യത്തൊഴിലാളി പൊലീസിനെ അറിയിച്ചിരുന്നു. നദിയിലെ ഒഴുക്കിന്റെ ശക്തി കണക്കാക്കി മത്സ്യത്തൊഴിലാളികൾ പറഞ്ഞ മേഖലയിൽ പൊലീസ് വ്യാപകമായി നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാന്റ്സ് ധരിച്ചിരുന്ന ശരീരത്തിൽ ഷർട്ട് ഇല്ലായിരുന്നു.

ബിസിനസിൽ എണ്ണായിരം കോടി രൂപയുടെ കടവും ആദായനികുതി വകുപ്പിന്റെ നടപടികളും താങ്ങാനാവാതെ അദ്ദേഹം നദിയിൽ ചാടി ജീവനൊടുക്കി എന്നാണ് കരുതുന്നത്. സിദ്ധാർത്ഥയുടെ ബന്ധുക്കളെ വിവരം അറിയിച്ച പൊലീസ് മൃതദേഹം വെൻലോക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആംബുലൻസിൽ സ്വദേശമായ ചിക്കമംഗളൂരു ജില്ലയിലെ ചേതനഹള്ളിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാലര വരെ അവിടെ പൊതുദർശനത്തിന് വച്ചു. തുടർന്ന് സംസ്‌കാരം നടത്തി. സിദ്ധാർത്ഥയോടുള്ള ആദരസൂചകമായി 240 നഗരങ്ങളിലെ കഫേ കോഫി ഡേയുടെ 1,​750 ഔട്ട്‌ലെറ്റുകൾ ഇന്നലെ അടച്ചിട്ടു.

തിങ്കളാഴ്ച രാവിലെയാണ് സിദ്ധാർത്ഥ ബംഗളൂരുവിലെ വീട്ടിൽ നിന്ന് കാറിൽ ഡ്രൈവർ ബസവരാജ് പാട്ടീലിനൊപ്പം ഇറങ്ങിയത്. സകലേശ്‌പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്കായിരുന്നു യാത്ര. മംഗളൂരുവിൽ നിന്ന് ഏഴ് കിലോമീറ്റർ പിന്നിട്ട് നേത്രാവതി നദിയിലെ പാലത്തിന് സമീപം എത്തിയപ്പോൾ കാർ നിറുത്താൻ ആവശ്യപ്പെട്ടെന്ന് ഡ്രൈവർ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടു കാറിൽ നിന്ന് ഇറങ്ങിയ അദ്ദേഹം 800 മീറ്റർ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ ഡ്രൈവർ പാലത്തിലും പരിസരങ്ങളിലും തിരക്കി. കാണാതെ വന്നപ്പോൾ കുടുംബത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

കഠിനമായി പരിശ്രമിച്ചിട്ടും ബിസിനസിൽ പരാജയപ്പെട്ടെന്നും ആദായനികുതി വകുപ്പിലെ മുൻ ഡയറക്ടർ ജനറൽ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും മറ്റും അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയുടെ മരുമകനാണ് സിദ്ധാർത്ഥ.

വി. രംഗനാഥ് താത്കാലിക ചെയർമാൻ

സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് നോൺ എക്സി‌ക്യൂട്ടിവ് ഡയറക്‌ടറായ വി. രംഗനാഥിനെ കഫേ കോഫി ഡേയുടെ താത്കാലിക ചെയർമാനായി നിയമിച്ചു. ഈ മാസം 8ന് ഡയറക്ടർ ബോർഡ് ചേർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കും.

കറുപ്പണിഞ്ഞ് ഫേസ് ബുക്ക്

കഫേ കോഫി ഡേയുടെ ഫേസ്ബുക്ക് പേജിൽ സിദ്ധാർത്ഥയുടെ വിയോഗത്തിന്റെ വേദനയും ആദരാഞ്ജലിയും നിറയുകയാണ്. പേജിന്റെ കവർ ചിത്രവും പ്രൊഫൈൽ ചിത്രവും കറുപ്പ് നിറമായി. കവറിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു "ഓരോ കപ്പിലും ഇന്ത്യ ആഹ്ലാദം കണ്ടെത്തി. താങ്കൾ കാരണം. ഞങ്ങൾക്ക് താങ്കളെ നഷ‌്ടപ്പെടുന്നു....''