unnao-

ലക്നൗ: ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിക്കും കുടുംബത്തിനും സംഭവിച്ച ദുരൂഹമായ അപകടം സംബന്ധിച്ച് പൊലീസ് അനാസ്ഥ കാട്ടി എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ഒരുവർഷത്തിനിടെ 35 പരാതികൾ പൊലീസിന് നൽകിയെങ്കിലും ഒന്നിൽപ്പോലും കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

പെൺകുട്ടിക്ക് പൊലീസ് നൽകിയ സുരക്ഷാ ജീവനക്കാരുടെ മുന്നിൽവച്ചുപോലും എം.എൽ.എയുടെ സഹായികൾ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതികളാണ് പൊലീസ് അവഗണിച്ചത്. വീഡിയോ സഹിതം പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും മാഖി പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
''കഴിഞ്ഞ ഒരുവർഷമായി ഞങ്ങൾ എം.എൽ.എയിൽനിന്ന് ഭീഷണി നേരിടുകയാണ്. കേസ് സി.ബി.ഐ ഏറ്റെടുക്കുകയും എം.എൽ.എ ജയിലിലാകുകയും ചെയ്തതിന് ശേഷമാണ് ഭീഷണി തുടങ്ങിയത്. ഭയം കൊണ്ടാണ് ഉന്നാവോയിലെ മാഖിയിലുള്ള വീട്ടിൽനിന്ന് മാറിയത്.-പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ കുടുംബം 33 പരാതികൾ ലോക്കൽ പൊലീസിന് നൽകിയതായി ഉന്നാവോ എസ്.പി എം.പി. വെർമ സ്ഥിരീകരിച്ചു. എന്നാൽ, പരാതികളിൽ കഴമ്പില്ലാത്തതാണ് അന്വേഷിക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത ലോക്കൽ പൊലീസിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ലക്നൗ റേഞ്ച് ഐ.ജി പി.എസ്.കെ. ഭഗത് വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതികൾ വീണ്ടും പരിശോധിക്കാനും അദ്ദേഹം ജില്ലാ പൊലീസിന് നിർദ്ദേശം നൽകി.