anil-kapoor

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം അനിൽ കപൂറിനെ നിയമിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ഷോറൂമുകളുടെ ഉദ്ഘാടനത്തിനും മറ്റുമായി മലബാർ ഗോൾഡ് അനിൽ കപൂറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ് ബ്രാൻഡ് അംബാസഡർ പദവിയെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

'മലബാർ ഉറപ്പുനൽകുന്നു" എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന പുതിയ ടിവി പരസ്യത്തിൽ അനിൽ കപൂർ പ്രത്യക്ഷപ്പെടും. കരീന കപൂർ ഖാൻ, തമന്ന ഭാട്ടിയ, മാനുഷി ഛില്ലർ എന്നിവരും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡർമാരാണ്. 40 വർഷമായി അഭിനയ രംഗത്തുള്ള അനിൽ കപൂർ രണ്ടുവട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോൾ നിർമ്മാതാവായും സജീവമാണ്. മലബാർ കുടുംബത്തിലേക്ക് അനിൽ കപൂറിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും എം.പി. അഹമ്മദ് പറഞ്ഞു. മലബാ‌ർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പോലൊരു ബ്രാൻഡ് തന്നിൽ വിശ്വാസമർപ്പിച്ചതിൽ ഏറെ ആവേശം കൊള്ളുന്നതായി അനിൽ കപൂർ പറഞ്ഞു.