സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടേറെ മികച്ച രീതികൾ നമ്മുടെ മുൻഗാമികൾക്ക് സ്വായത്തമായിരുന്നു. ഇന്നും അതിനെ പരിപാലിച്ചുവരുന്ന ഒരു സമൂഹം നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണ മാർഗത്തെക്കുറിച്ചുള്ള അജ്ഞതയോ, ഫാഷന്റെയും തിരക്കിന്റെയും അതിപ്രസരമോ മൂലം പരമ്പരാഗത രീതികൾ നാം മറക്കുകയാണ്. പകരം വിലപിടിപ്പുള്ളസൗന്ദര്യവർദ്ധക വസ്തുക്കൾ തേടി സാധാരണക്കാരടക്കം ഓടുകയാണ്.
സൗന്ദര്യവർദ്ധനയ്ക്ക് ബാഹ്യമായും ആന്തരികമായും ഉപയോഗിച്ചുവരുന്ന ഒട്ടേറെ സസ്യലതാദികൾ പ്രകൃതി നമുക്ക് കനിഞ്ഞു നല്കിയിട്ടുണ്ട്. അവയിൽ ഒന്നാണ് കറ്റാർവാഴ. ലല്ലിയോസി കുടുംബത്തിൽപ്പെട്ട കറ്റാർവാഴയുടെ ശാസ്ത്രനാമം 'അലോവീര ഡൗൺ' എന്നാണ്. സംസ്‌കൃതത്തിൽ കുമാരി, ഘൃതകാരി, ഗ്രഹകന്യ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
ഏറെ പരിരക്ഷയൊന്നും ആവശ്യമില്ലാതെ വെള്ളം കെട്ടിനിൽക്കാത്ത ഉയർന്ന പറമ്പുകളിൽ കൃഷി ചെയ്യാവുന്ന ഒരു പോള സസ്യമാണ് കറ്റാർവാഴ. ഇതിന്റെ ഇല ഒരുതരം തടിച്ച പോളയാണ്. അകത്ത് ഐസ് പോലെ കൊഴുപ്പുള്ള പശയുള്ള കാമ്പ്. വളരെ കൂടുതൽ ഔഷധവീര്യമുള്ള കറ്റാർവാഴ ഒരുഉദ്യാനസസ്യം കൂടിയാണ്.
കറ്റാർവാഴ പോളയുടെ ഇലച്ചാറ് ഉണക്കി എടുത്താണ് സന്നികായം അഥവാ ചെന്നിനായകം നിർമ്മിക്കുന്നത്. ഏറ്റവും കയ്പ് രസമുള്ള സന്നികായം കുട്ടികളിലെ മുലകുടി മാറ്റാൻ അമ്മമാർ മുലയിൽ പുരട്ടികൊടുക്കാറുണ്ട്. വിരൽ കടിക്കുന്ന സ്വഭാവമുള്ള കുട്ടികൾക്ക് കറ്റാർവാഴ പോള കൊണ്ട് നിർമ്മിക്കുന്ന സന്നികായം വിരലിൽ പുരട്ടിക്കൊടുക്കാവുന്നതുമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും, രക്തശുദ്ധീകരണത്തിനും, ഗർഭാശയ പേശീ ധമനികളെ ഉത്തേജിപ്പിക്കുന്നതിനും കറ്റാർവാഴയ്ക്ക് കഴിവുണ്ട്. യുവതികളിൽ ആർത്തവ വേളയിലുണ്ടാവുന്ന വയറുവേദനയ്ക്ക് കറ്റാർവാഴ ഏറെ ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്.
കറ്റാർവാഴ പോള നീരിൽ ഉലുവയിട്ട് മൂന്ന് ദിവസം വച്ച് മുളവന്നാൽ വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് കാരെള്ളിൻ നല്ലെണ്ണയിൽ ചേർത്ത് തേച്ചുകുളിച്ചാൽ മുടി നന്നായി വളരും.
കറ്റാർവാഴ പോളനീർ, തേങ്ങാപ്പാൽ, പശുവിൻ പാൽ തുടങ്ങിയവ കാരെള്ളിൽ നല്ലെണ്ണയിൽ കാച്ചിയരിച്ച എണ്ണ തേച്ചാൽ താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് ശമനം ലഭിക്കും. ഇതേ എണ്ണ കാലിനടിയിൽ തേച്ച് കിടന്നാൽ ഏത് നിദ്രാവിഹീനരും താനേ ഉറങ്ങും. കറ്റാർവാഴ നീരും, പച്ച മഞ്ഞളും കൂട്ടി അരച്ച് കുഴിനഖത്തിൽ നിറച്ചാൽ അസുഖം ഭേദമാകും. ദേഹം പുകച്ചിൽ, എരിച്ചിൽ എന്നിവയ്ക്കും തീപൊള്ളലിനും കറ്റാർവാഴയുടെ നീർ കൊണ്ട് ധാര ചെയ്യാവുന്നതാണ്. 'Aloe vera The Miracle Plant" എന്ന പേരിൽ ആധുനിക ലോകം ഉറ്റുനോക്കുന്ന കറ്റാർവാഴയുടെ പേറ്റന്റിനായി മത്സരം മുറുകുന്നതും നമുക്കു ചുറ്റും തന്നെയാണ്. ഇന്ന് കറ്റാർവാഴ കൊണ്ടുള്ള ഒട്ടേറെ സൗന്ദര്യവർദ്ധക വസ്തുക്കളും തൈലങ്ങളും കമ്പോളങ്ങളിൽ സുലഭമാണ്.