ന്യൂഡൽഹി: പുതിയ മൊബൈൽ ഗെയിം ആപ്പുമായി ഇന്ത്യൻ വ്യോമസേനയും. ഇന്നലെയാണ് ' ഇന്ത്യൻ എയർഫോഴ്സ്: എ കട്ട് എബൗവ്" എന്ന ത്രീഡി മൊബൈൽ ഗെയിം ആപ്പ് വ്യോമസേന തലവൻ ബി.എസ്. ധനോവ ന്യൂഡൽഹിയിൽ പുറത്തിറക്കിയത്. ഗെയിമിന്റെ ടീസർ ഇക്കഴിഞ്ഞ 20നാണ് പുറത്തിറങ്ങിയത്. ആൻഡ്രോയിഡിലും ഐഫോൺ ഒ.എസിലും ഗെയിം നിലവിൽ ലഭ്യമാണ്. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ രൂപസാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിന്റെ പ്രധാന സവിശേഷത. ഗെയിമിന്റെ ടീസറിലും ഈ കഥാപാത്രമുണ്ടായിരുന്നു.
''ഞാൻ ആകാശത്തിലെ അഭിമാനമുള്ള, വിശ്വസിക്കാവുന്ന, ഭയമില്ലാത്ത പോരാളിയാണ്. എല്ലാ പ്രവർത്തനങ്ങളിലും ഞാനെന്റെ മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കും അന്തസിനും പ്രാധാന്യം നൽകും."- എന്നായിരുന്നു ഗെയിമിനെക്കുറിച്ച് ടീസറിലുണ്ടായിരുന്ന സ്റ്റോറി ലൈൻ. വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന പോർവിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിംഗിൾ പ്ലെയർ മോഡിൽ മാത്രമേ ഗെയിം നിലവിൽ ലഭ്യമായിട്ടുള്ളൂ. വരുന്ന പുതിയ അപ്‌ഡേറ്റുകളിൽ മൾട്ടി പ്ലെയർ മോഡ് ലഭ്യമാകും. ഗെയിം തുടങ്ങുന്നതിനു മുമ്പ് വിമാനം പറത്തുന്നതും മറ്റും സംബന്ധിച്ചുള്ള പരിശീലനവും ഗെയിം കളിക്കുന്നവർക്ക് ലഭ്യമാകും.