ആലുവ : ദക്ഷിണകാശി എന്നറിയപ്പെടുന്ന ആലുവ പെരിയാറിന്റെ തീരത്ത് ബലിതർപ്പണം നടത്തിയത് പതിനായിരങ്ങൾ. നക്ഷത്രമനുസരിച്ച് ഇന്ന് രാവിലെ എട്ടര വരെ ബലിയിടാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിലുമാണ് ചടങ്ങുകൾ നടന്നത്.
മഴയില്ലാത്തതിനാൽ മണപ്പുറത്തായിരുന്നു ഇക്കുറി ബലിതർപ്പണം നടന്നത്.
മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ ബലിത്തറയ്ക്ക് പുറമെ 100 താത്കാലിക ബലിത്തറകളും ഒരുക്കിയിരുന്നു. അദ്വൈതാശ്രമത്തിൽ 1500 പേർക്ക് ഒരേ സമയം തർപ്പണം നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, നാരായണ ഋഷി, ചന്ദ്രശേഖരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.