murder

ഭോപ്പാൽ: സ്വന്തം സഹോദരിയുടെ ഭർത്താവുമായി പ്രണയത്തിലായിരുന്ന യുവതി അയാളെ സ്വന്തമാക്കാനായി ഗർഭിണിയായിരുന്ന ചേച്ചിയെ കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് മൂന്ന് ദിവസം മുൻപ് സംഭവം നടന്നത്. 19 വയസുകാരി ശതാഷി രജ്പുതാണ് ചേച്ചി അഭിലാഷയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ചേച്ചിയുടെ ഭർത്താവ് അന്മോലിനൊപ്പം ജീവിക്കാനായിരുന്നു ശതാഷിയുടെ ഈ ക്രൂര സാഹസം.

ചേച്ചിയെ ഇല്ലായ്മ ചെയ്യാൻ തക്കം പാർത്തിരുന്ന അനിയത്തി ശതാഷി, അഭിലാഷ ടോയ്‌ലറ്റിൽ പോയപ്പോൾ പിറകിൽ നിന്നും എത്തി കത്തിവച്ച് കുത്തുകയായിരുന്നു. അഭിലാഷയുടെ കഴുത്തിലും വയറ്റിലുമാണ് ശതാഷി കത്തി കുത്തിയിറക്കിയത്. അഭിലാഷ കുത്തുകൊണ്ട് താഴെ വീണ് നിലവിളിച്ചപ്പോൾ അയൽവാസികൾ ഓടിയെത്തി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൊല്ലപ്പെടുമ്പോൾ അഭിലാഷ ഏഴ് മാസം ഗർഭിണിയായിരുന്നു.

അഭിലാഷയ്ക്ക് അസുഖം ബാധിച്ചപ്പോൾ ശുശ്രൂഷിക്കാനാണ് ശതാഷി ഇവരുടെ വീട്ടിൽ എത്തിയത്. തുടർന്ന് അന്മോലുമായി അനിയത്തി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ് അനിയത്തിയോട് വീട്ടിൽ നിന്നും മാറി താമസിക്കാൻ അഭിലാഷ ആവശ്യപെട്ടിരുന്നു. അന്മോലും ഇതേ കാര്യം ശതാഷിയോട് ആവശ്യപെട്ടിരുന്നു. ഇതിന് മുൻപും മൂന്ന് തവണ ശതാഷി തന്റെ ചേച്ചിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

കുത്തിയ ശേഷം മുഖം തുണി കൊണ്ട് മറച്ചായിരുന്നു ശതാഷി വീട്ടിൽ നിന്നും പുറത്തുവന്നത്. അഭിലാഷയെ കുത്തിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശതാഷി ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചേച്ചിയുടെ ഭർത്താവിനൊപ്പം കഴിയാൻ വേണ്ടിയാണ് താൻ ചേച്ചിയെ കൊലപ്പെടുത്തിയതെന്ന് ശതാഷി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ശതാഷി അഭിലാഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി പൊലീസ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ശേഷം ശതാഷിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.