isis

ന്യൂഡൽഹി: യു.എസ് ആക്രമണത്തിൽ ഐസിസിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു. എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. വീട്ടുകാർക്ക് വന്ന സന്ദേശത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി. കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് 98 മലയാളികൾ ഐസിസിൽ ചേർന്നിട്ടുണ്ട്.

ജൂലെെ 18ന് യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിൽ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങൾക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു. നിങ്ങളുടെ സഹോദരൻ വീരമൃത്യു വരിച്ചെന്നാണ് സന്ദേശത്തിൽ പറയുന്നത്. 2017 ഏപ്രിലിലാണ് മുഹ്സിൻ ഐസിസിൽ ചേർന്നത്. അഫ്ഗാനിസ്ഥാന്‍ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട കാര്യം വിവരം പൊലീസിൽ അറിയിക്കരുതെന്നും അറിയിച്ചാൽ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. പാകിസ്ഥാനിയായ ഒരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഐസിസിൽ മലയാളികൾ കൂടുതലായി ചേരുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഐസിസിൽ ചേർന്ന 98 മലയാളികളിൽ 38 പേർ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതായും കേന്ദ്രസർക്കാർ റിപ്പോർട്ടുണ്ട്.