ന്യൂഡൽഹി: പിന്തിരിപ്പൻ സമ്പ്രദായങ്ങളിൽ നിന്നും തങ്ങളെ രക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുസ്ലിം സ്ത്രീകൾ. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കിയതിനാണ് ഇവർ പ്രധാനമന്ത്രിയോട് തങ്ങളുടെ നന്ദി അറിയിച്ചത്. രാജ്യ തലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കെത്തിയ അനവധി മുസ്ലിം സ്ത്രീകളാണ് ഇക്കാര്യം പ്രധാനമന്ത്രിയോടായി പറഞ്ഞത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ വസതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
'മോദി മുത്തലാഖ് എന്ന ഏർപ്പാട് നിരോധിക്കുമെന്നും, അതിനെതിരെ നീങ്ങാൻ അവസരം തരുമെന്നും ഞങ്ങൾ ഏറെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇനി മുതൽ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി അതിനെ നേരിടാൻ സാധിക്കും.' പരിപാടിക്കെത്തിയ മുസ്ലിം സ്ത്രീകളിൽ ഒരാളായ അബീദ പറഞ്ഞു.
ബിൽ പാസായതോട് കൂടി തങ്ങൾ ശക്തരായതായി തോന്നുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. പ്രധാനമന്ത്രി ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ആളല്ലെന്നും ജനങ്ങളുടെ ക്ഷേമം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
അതേസമയം ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലേക്ക് എത്തിയ അനവധി മുസ്ലിം സ്ത്രീകളും ഇതേ വാചകങ്ങൾ ആവർത്തിച്ചു. മൂന്ന് തവണ തലാഖ് ചൊല്ലി ഉപേക്ഷിക്കുന്ന മുസ്ലിം പുരുഷന്മാരിൽ നിന്നും തങ്ങളെ സംരക്ഷിച്ച ബി.ജെ.പിക്കും മോദിക്കുമാണ് ഈ പരിപാടിയിൽ വച്ച് സ്ത്രീകൾ തങ്ങളുടെ നന്ദി അറിയിച്ചത്.