ccd

മംഗളൂരു: ഏവരെയും സങ്കടക്കരയിൽ നിറുത്തി മരണപ്പുഴയിൽ മറഞ്ഞ കഫെ കോഫി ഡേ സ്ഥാപക ചെയർമാൻ വി.ജി. സിദ്ധാർത്ഥയുടെ പകരക്കാനായി എസ്.വി. രംഗനാഥിനെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗമാണ് സ്വതന്ത്ര ഡയറക്‌ടറായ രംഗനാഥിനെ കോഫി ഡേ എന്റർപ്രൈസസിന്റെ ഇടക്കാല ചെയർമാനായി നിയമിച്ചത്. സിദ്ധാർത്ഥയുടെ പത്നി മാളവിക ഹെഗ്ഡേയും യോഗത്തിൽ പങ്കെടുത്തു.

കമ്പനിയുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടായി. ഇതിന്റെ ഭാഗമായി, നിതിൻ ബഗ്‌മാനെയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും (സി.ഒ.ഒ) നിയമിച്ചു. ഇടക്കാല ചെയർമാൻ എസ്.വി. രംഗനാഥ്, നിതിൻ ബാഗ്‌മാനെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആർ. റാംമോഹൻ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപംനൽകി. സിദ്ധാർത്ഥ വഹിച്ച സി.ഇ.ഒയുടെ ചുമതലകൾ ഇനി ഈ കമ്മിറ്റിയായിരിക്കും നിർവഹിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പി വില്‌പന ശൃംഖലയാണ് കഫെ കോഫി ഡേ.

ഓഹരിത്തകർച്ച

തുടരുന്നു

നിലവിലെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ കോഫി ഡേ എന്റർപ്രൈസസിന്റെ ഓഹരി വിലത്തകർച്ച തുടരുകയാണ്. ഇന്നലെ ഓഹരിമൂല്യം 30.80 ശതമാനം ഇടിഞ്ഞ് 123.25 രൂപയിലെത്തി. ചൊവ്വാഴ്‌ച ഓഹരിവില 20 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഭാവി സംബന്ധിച്ച് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്നും ഓഹരിവില 100 രൂപയ്ക്കും താഴെ എത്തിയേക്കാമെന്നുമാണ് വിലയിരുത്തലുകൾ.

ഔട്ട്‌‌ലെറ്റുകൾ

അടച്ചിട്ടു

കോഫി രാജാവ് വി.ജി. സിദ്ധാർത്ഥയോടുള്ള ആദരസൂചകമായി കഫെ കോഫി ഡേയുടെ എല്ലാ ഔട്ട്‌‌ലെറ്റുകളും ഇന്നലെ അടച്ചിട്ടു.