china

ബീജിംഗ്: ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലാണ് സർക്കാർ ഈ നിരോധനം കൊണ്ടുവന്നത്. അറബിക്, ഇസ്‌ലാമിക ചിഹ്നങ്ങൾ കടകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യാനാണ് സർക്കാരിന്റെ നിർദ്ദേശം. ഭക്ഷണ കടകളിലും ഹോട്ടലുകളിലുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന 'ഹലാൽ' എന്ന വാക്കും നീക്കം ചെയ്യാൻ ചൈനീസ് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഇസ്ലാം മതവിശ്വാസം വെളിവാക്കുന്ന ചിത്രങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യേണ്ടതായി വരും. ഇത്തരത്തിലുള്ള 11 കടകൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക, അറബിക് ചിഹ്നങ്ങൾ പുറത്തെ സംസ്കാരമാണെന്നും ചൈനീസ് സംസ്കാരമാണ് പ്രചരിപ്പിക്കേണ്ടതെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി ഒരു ഹോട്ടലുടമ പറയുന്നുണ്ട്. ബീജിംഗിൽ ഹലാൽ ഭക്ഷണം വിൽക്കുന്ന ആയിരത്തോളം കടകളുണ്ടെന്നാണ് കണക്ക്. ഇത്തരം കടകളിലെ മതചിഹ്നങ്ങളും, ഹലാൽ എന്ന വാക്കും മറയ്ക്കുവാനോ നീക്കം ചെയ്യാനോ ആണ് നിർദ്ദേശം.

2016 മുതൽ ചൈനീസ് ഇസ്ലാമിക, അറബിക് രീതിയിലുള്ള ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യാനുള്ള ക്യാമ്പയിൻ ചൈന ആരംഭിച്ചിരുന്നു. മുസ്ലിം പള്ളികളിലെ മകുടങ്ങൾ ഇതിന്റെ ഭാഗമായി നീക്കം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ പുതിയ നിർദ്ദേശം. അന്യനാട്ടിലെ സംസ്കാരത്തെ അകറ്റി ചൈനീസ് സംസ്കാരം മാത്രം പ്രചരിപ്പിക്കാനാണ് സർക്കാരിന്റെ ഈ നീക്കം.