കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു.
ഇന്നലെ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടന്ന സുന്നഹദോസാണ് കൊച്ചി ഭദ്രാസനാധിപൻ കൂടിയായ ഗ്രിഗോറിയോസിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തത്.
19 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു. ആഗസ്റ്റ് 28ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്ന മുറയ്ക്ക് മാർ ഗ്രിഗോറിയോസ് സഭയുടെ മലങ്കരയിലെ നിർണായക പദവിയിലെത്തും.
അദ്ധ്യക്ഷനായിരുന്ന കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയാണ് പുതിയ ആളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടത്. ശ്രേഷ്ഠ ബാവ ഒഴിഞ്ഞപ്പോൾ പാത്രിയാർക്കീസ് ബാവയുടെ നിർദ്ദേശത്തിനനുസരിച്ച് മൂന്നംഗ മെത്രാൻ സമിതിക്കായിരുന്നു ട്രസ്റ്റി ചുമതല. ഇവർ മൂന്നു പേരോടും മത്സരിക്കാനായിരുന്നു ശ്രേഷ്ഠ ബാവ ആവശ്യപ്പെട്ടത്. ജോസഫ് മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളും തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രാഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി.