പാട്ന: 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബെട്ടയ്യ സ്വദേശിയായ സദ്ദാം ഖുറേഷിയാണ് പൊലീസിന്റെ പിടിയിലായത്.
നസ്‌നി ചൗക്കിൽ വച്ചാണ് 22കാരനായ സദ്ദാം ഖുറേഷിയെ പൊലീസ് പിടികൂടിയത്. രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഖുറേഷിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഖുറേഷിയുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് രഹസ്യമായെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പരാതി പരിശോധിക്കുകയും തുടർന്ന് കാര്യങ്ങൾ ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്തത്.