kodiyeri-balakrishan

തിരുവനന്തപുരം: ആർ.എസ്.എസുകാരനെ എങ്ങനെ ഡി.ജി.പി പദവിയിൽ ഇരുത്തുമെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെയായിരുന്നു കോടിയേരിയുടെ പരിഹാസം. ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്നും ഇത്തരത്തിലൊരാളെ പൊലീസ് സർവീസിൽ എടുക്കുന്നത് എങ്ങനെയാണെന്നും കോടിയേരി ചോദിച്ചു. കേന്ദ്ര ട്രൈബ്യുണൽ വിധിക്കെതിരായി തുടർനടപടികളുമായി മുന്നോട്ട് പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേസമയം, ചാവക്കാട് ഉണ്ടായ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം പ്രതിഷേധം അർഹിക്കുന്നതാണെന്നും സംഭവം അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കൊലപാതകം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്‌ ലഭിക്കുന്ന വിവരം. മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊല ചെയ്തവർ ഇനിയും കൊലക്കത്തി താഴെ വച്ചിട്ടില്ലെന്നാണ് ചാവക്കാട് നടന്ന സംഭവം സൂചിപ്പിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

എസ്.ഡി.പിയും ആർ.എസ്,എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും എസ്.ഡി.പി.യെയും ആർ.എസ്. എസിനെയും പിന്തുണയ്ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവർ കോൺഗ്രസിൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഈ കാരണം കൊണ്ടാണ് കൊലപാതകത്തിന് ഉത്തരവാദികൾ എസ്.ഡി.പി.ഐ ആണെന്ന് ഒരു നേതാവും പുറത്ത് പറയാത്തതെന്നും കോടിയേരി പറഞ്ഞു.