national-parties

ന്യൂഡൽഹി: കഴിഞ്ഞ വർഷം മാത്രം ഭാരതീയ ജനതാ പാർട്ടിയുടെ കൈവശമുള്ള സ്വത്തുവകകളിൽ 22.27 ശതമാനത്തിന്റെ ഉയർച്ച സംഭവിച്ചതായി സർവേ ഫലം. അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൈവശമുള്ള സ്വത്തുകളിൽ 15.26 ശതമാനത്തിന്റെ കുറവും സംഭവിച്ചതായി സർവേയിൽ പറയുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്(എ.ഡി.ആർ) എന്ന സന്നദ്ധ സംഘടന(എൻ.ജി.ഒ) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്ത് വന്നത്.

2016-17 സാമ്പത്തിക വർഷത്തിൽ 1214.13 കോടി രൂപയായിരുന്നു ബി.ജെ.പിയുടെ കൈവശം ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 1483.35 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം കോൺഗ്രസിന്റെ കൈവശം 2016-17ൽ ഉണ്ടായിരുന്നത് 854.75 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം(2017-19) ഇത് 724 .35 കോടി രൂപയായി കുറഞ്ഞു.

ഇന്ത്യയിൽ ഇപ്പോഴുള്ള ദേശീയ പാർട്ടികളിൽ കോൺഗ്രസിനും എൻ.സി.പിക്കും(11.41ൽ നിന്നും 9.54) മാത്രമാണ് സ്വത്തുക്കളിൽ ഇടിവ് സംഭവിച്ചത്. ഏറ്റവും കൂടുതൽ കടബാധ്യതയുള്ള പാർട്ടിയും കോൺഗ്രസാണ്. 461.73 കോടി രൂപയാണ് കോൺഗ്രസിന്റെ നിലവിലെ കടം. ബി.ജെ.പിക്ക് 21.38 കോടി രൂപയുടെ കടം മാത്രമേ ഉള്ളൂ. അതേസമയം, തൃണമൂൽ കോൺഗ്രസ്(26.25ൽ നിന്ന് 29.10), ബഹുജൻ സമാജ് പാർട്ടി(680.63ൽ നിന്ന് 716.72), സി.പി.എം(463.76ൽ നിന്ന് 482.10), സി.പി.ഐ (10.88ൽ നിന്ന് 11.49) എന്നീ ദേശീയ പാർട്ടികൾക്ക് തങ്ങളുടെ സ്വത്തുവകകളിൽ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട്.