ബാരബങ്കി: സ്ത്രീസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തായി സ്‌കൂളിലെത്തിയ ഉത്തർ പ്രദേശ് പൊലീസിനെ ചോദ്യങ്ങൾ ചോദിച്ച് വട്ടം ചുറ്റിച്ച് സ്‌കൂൾ വിദ്യാർത്ഥിനി. പൊലീസ് സുരക്ഷാ വാരത്തിന്റെ ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാനെത്തിയതായിരുന്നു പൊലീസുകാർ. ഇവരെയാണ് ചോദ്യങ്ങൾ ചോദിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മുനിബ കിദ്വായ് ബുദ്ധിമുട്ടിച്ചത്. ഉന്നാവോ പീഡന സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനി അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. ഗൗതമിന് മുന്നിലേക്ക് ചോദ്യങ്ങളെറിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
'ഞങ്ങൾ ശബ്ദമുയർത്തണമെന്നും പ്രതികരിക്കണമെന്നുമാണ് നിങ്ങൾ പറയുന്നത്. ഒരു കൗമാരക്കാരിയെ ഒരു ബി.ജെ.പി നേതാവ് പീഡിപ്പിച്ചുവെന്ന് എല്ലാവർക്കുമറിയാം. ആ വാഹനാപകടം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും നമുക്കറിയാം. ഒരു സാധാരണ മനുഷ്യൻ സംഭവത്തിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ പ്രതിഷേധിക്കാൻ കഴിയും, എന്നാൽ ഒരു അധികാരത്തിലിരിക്കുന്ന ആളാകുമ്പോഴോ?' മുനിബ ചോദിച്ചു.
'പ്രതിഷേധിച്ചാലും ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം, ഇനി നടപടിയെടുത്താലും ഒരു കാര്യവുമുണ്ടാകില്ല. ആ പെണ്‍കുട്ടി മരണത്തോട് മല്ലിടുകയാണ്. ഞങ്ങൾ പ്രതിഷേധിക്കുകയാണെങ്കിൽ നിങ്ങൾ നീതി നടപ്പാക്കുമോ? എനിക്കൊന്നും സംഭവിക്കില്ലാ എന്ന് നിങ്ങൾക്ക് ഉറപ്പ് തരാൻ പറ്റുമോ?' മുനിബ പൊലീസ് സൂപ്രണ്ടിനോട് ചോദിച്ചു. മുനിബയുടെ ചോദ്യങ്ങൾക്ക് മുൻപിൽ പൊലീസുകാർ പതറുന്നതും പരുങ്ങുന്നതും വീഡിയോയിൽ കാണാം. മുനിബയുടെ ചോദ്യങ്ങൾ കൈയടിയോടെയാണ് സഹപാഠികൾ സ്വീകരിച്ചത്.
വീഡിയോ കടപ്പാട്: എൻ.ഡി ടി.വി