തിരുവനന്തപുരം: പിതൃസ്മരണയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ഇന്നലെ പുലർച്ചെ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ ഉച്ച വരെ നീണ്ടു. ജില്ലയിലെ പ്രശസ്തമായ ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം കടപ്പുറം, വർക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പ്രധാനമായി ബലികർമ്മങ്ങൾ നടന്നത്. ഇതിനു പുറമേ വിവിധ ക്ഷേത്രങ്ങളും ട്രസ്റ്റുകളും വിശ്വാസികൾക്ക് ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കി. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലർച്ചെ രണ്ടിന് ബലിയർപ്പിക്കൽ ചടങ്ങുകൾ ആരംഭിച്ചു. നഗര പരിധിയിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലും ശംഖുംമുഖം കടപ്പുറത്തുമാണ് ഏറ്റവുമധികം പേർ ബലിയർപ്പിക്കാൻ എത്തിയത്.
തിരക്ക് കൂടുതൽ തിരുവല്ലത്ത്
തിരുവല്ലത്താണ് ബലികർമ്മങ്ങൾക്ക് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. തലേന്നു തന്നെ ആളുകൾ ബലിതർപ്പണത്തിനായി എത്തിയിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തിയവർ ക്ഷേത്ര പരിസരത്ത് തമ്പടിച്ചു. അർദ്ധരാത്രിയോടെ ഇവിടെ നീണ്ട ക്യൂ രൂപപ്പെട്ടു. പുലർച്ചെയായപ്പോഴേക്കും തിരക്ക് ക്രമാതീതമായി. പുലർച്ചെ രണ്ടോടെ തുടങ്ങിയ ബലിതർപ്പണത്തിനുള്ള ക്യൂ ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. ക്ഷേത്രനട തൊട്ട് തുടങ്ങിയ ക്യൂ കമലേശ്വരം വരെയും നീണ്ടു. കടലാക്രമണം കാരണം ശംഖുംമുഖത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാൽ തിരുവല്ലത്ത് ഇക്കുറി തിരക്കേറി. സന്ധ്യ വരെ എത്തുന്നവർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം തിരുവല്ലത്ത് അധികൃതർ ഒരുക്കിയിരുന്നു.
തിരുവല്ലത്തെ തിരക്ക് മുന്നിൽക്കണ്ട് പൊലീസും ക്ഷേത്ര അധികൃതരും ദേവസ്വം ബോർഡും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ബലിമണ്ഡപങ്ങളിലേക്ക് എത്താനായി ക്യൂ നിൽക്കാൻ കൗണ്ടറുകൾ കെട്ടി പ്രത്യേക സൗകര്യമൊരുക്കി. മുഖ്യ പുരോഹിതൻ പ്രവീൺ ശർമ്മയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് നിയോഗിച്ച 15 പുരോഹിതന്മാരും ഉപ പുരോഹിതന്മാരും ചേർന്ന് ബലിതർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒന്നര ലക്ഷത്തിലേറെ പേർ ബലിയിട്ടതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രത്തിനകത്തെയും പുറത്തെയും ഒമ്പത് ബലിമണ്ഡപങ്ങളിലായി 3000 പേർക്ക് ഒരേസമയം ബലിയിടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്. ബലിയിട്ട് മടങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ താത്കാലിക മേൽപ്പാലം ക്ഷേത്രത്തിനു സമീപം നിർമ്മിച്ചിരുന്നു. പൊലീസ്, ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. മുൻകൂർ ടിക്കറ്റെടുക്കാൻ കഴിയാത്തവർക്കായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിച്ചു. മുൻകൂർ ടിക്കറ്റെടുത്തവർക്ക് ബലിതർപ്പണ സ്ഥലത്തേക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു. എന്നാൽ തിരക്ക് കാരണം ക്ഷേത്രപരിസരത്തേക്കും ആറിൽ ബലിയിടാനുള്ള സ്ഥലത്തേക്കും എത്താൻ ബുദ്ധിമുട്ടി.
ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ തിരുവല്ലം പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വിഴിഞ്ഞം ഭാഗത്തുനിന്നും ചാക്ക ഭാഗത്തുനിന്നും തിരുവല്ലത്തേക്ക് വരുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ എന്നിവയെ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ വഴിതിരിച്ചുവിട്ടിരുന്നു. കുമരിച്ചന്ത-തിരുവല്ലം-പാച്ചല്ലൂർ വരെയുള്ള ബൈപ്പാസ് റോഡിലും, തിരുവല്ലം ജംഗ്ഷൻ മുതൽ അമ്പലത്തറ വരെയും, തിരുവല്ലം ജംഗ്ഷൻ, പഴയ തിരുവല്ലം, കരുമം, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചില്ല. തിരുവല്ലം-വാഴമുട്ടം ബൈപ്പാസ് റോഡിലെ സർവീസ് റോഡിന്റെ കിഴക്ക് വശവും കുമരിച്ചന്ത-തിരുവല്ലം ബൈപ്പാസ് റോഡിലെ സർവീസ് റോഡിന്റെ ഒരു വശവും ബി.എൻ.വി സ്കൂൾ ഗ്രൗണ്ടും പൂർണമായി പാർക്കിംഗിനായി മാറ്റിവച്ചു.
ശംഖുംമുഖത്ത് തിരക്ക് കുറഞ്ഞു
കടലാക്രമണം കാരണം ബലികർമ്മങ്ങൾക്ക് ശംഖുംമുഖത്ത് മുൻവർഷത്തേതിനെക്കാൾ തിരക്ക് കുറഞ്ഞു. രൂക്ഷമായ കടലാക്രമണം മൂലം വലിയതുറ ഭാഗത്തേക്കുള്ള റോഡും ബീച്ചിലെ ഫുട്പാത്തും പൂർണമായി തകർന്നിരുന്നു. ഇതോടെ വടക്ക് ഭാഗത്ത് കടൽഭിത്തിയോടു ചേർന്നുള്ള സ്ഥലം മാത്രമാണ് ശംഖുംമുഖത്ത് ഇത്തവണ ബലികർമ്മങ്ങൾക്കായി ഒഴിച്ചിട്ടത്. ഈ ഭാഗത്ത് കാറ്റാടിക്കഴയും മറ്റും വച്ച് പ്രത്യേകമായി കെട്ടിത്തിരിച്ച ഭാഗത്താണ് ബലിതർപ്പണം നടന്നത്. കടലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ശംഖുംമുഖത്ത് ഒരുക്കിയിരുന്നത്. കൂടുതൽ ലൈഫ് ഗാർഡുമാരെയും പൊലീസിനെയും ചുമതലപ്പെടുത്തിയിരുന്നു. മുൻവർഷത്തെക്കാൾ തിരക്ക് കുറഞ്ഞെങ്കിലും പതിനായിരത്തിലേറെ പേർ ശംഖുംമുഖത്ത് ബലിതർപ്പണം നടത്തിയതായാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ബലിതർപ്പണത്തിനു ശേഷം നേരത്തേ തീരുമാനിച്ചിരുന്ന ഭാഗത്ത് മാത്രമാണ് മുങ്ങാൻ അനുവദിച്ചത്. ഇവിടെ ലൈഫ് ഗാർഡുമാരും പൊലീസും സുരക്ഷയ്ക്കായി നിലകൊണ്ടു. ഇറങ്ങാൻ പാടില്ലാത്ത അപകട മേഖലകളിൽ കയറു കെട്ടി ചുവന്ന അപായത്തുണി കെട്ടിയിരുന്നു. ഫയർഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവയും സജ്ജമാക്കിയിരുന്നു. ബലിയിട്ട് മടങ്ങുന്നവർക്കായി കെ.എസ്.ആർ.ടി.സി തമ്പാനൂർ, കിഴക്കേകോട്ട, വികാസ് ഭവൻ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന് അധിക സർവീസ് ഒരുക്കി.
ശംഖുംമുഖത്തെ തിരക്ക് ഒഴിവാക്കാൻ ചാക്ക ഭാഗത്തുനിന്നു ഡൊമസ്റ്റിക് എയർപോർട്ടിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴി തിരിച്ചുവിട്ടു. അർദ്ധരാത്രി മുതൽ ചാക്ക ഭാഗത്തുനിന്നു ശംഖുംമുഖം ഭാഗത്തേക്ക് ബലിതർപ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. സുനാമി പാർക്ക്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗ്രൗണ്ട്, പഴയ ഡൊമസ്റ്റിക് എയർപോർട്ടിന്റെ ഒരു വശം, ശംഖുംമുഖം ദേവീക്ഷേത്രം വക ഗ്രൗണ്ട്, ശംഖുംമുഖം-വെട്ടുകാട് റോഡിന്റെ ഒരു വശം എന്നിവിടങ്ങളിലായി പാർക്കിംഗ് നിജപ്പെടുത്തി.
ബലിതർപ്പണം മറ്റിടങ്ങളിലും
ശംഖുംമുഖത്തെയും തിരുവല്ലത്തെയും തിരക്ക് ഒഴിവാക്കി കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരങ്ങളിലും ആശ്രമങ്ങളിലും വിവിധ ക്ഷേത്രങ്ങളിലുമായി നിരവധി പേർ ബലിയർപ്പിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, കൈമനം മാതാ അമൃതാനന്ദമയി മഠം, ഋഷിമംഗലം ശ്രീകൃഷ്ണ ക്ഷേത്രം, പുളിയറക്കോണം മധുവനം ആശ്രമം, കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമം, വേളി മഹാഗണപതി ക്ഷേത്രം, മണക്കാട് തോട്ടം ഇരുംകുളങ്ങര ദേവീക്ഷേത്രം, കരമന ത്രിവിക്രമംഗലം ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് നിരവധി പേരെത്തി.