തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പട്ടാപ്പകൽ അജ്ഞാത സംഘം ജെ.സി.ബി കൊണ്ട് ഇടിച്ചു നിരത്തി. ഓഫീസ് കോമ്പൗണ്ടിലെ വിലപിടിപ്പുള്ള മരങ്ങളും മുറിച്ചു കടത്തി. കണ്ണമ്മൂല വാർഡിലെ കറുവാലിക്കുന്ന് സബ് സെക്ഷൻ ഓഫീസ് കെട്ടിടം ഇക്കഴിഞ്ഞ 22നാണ് സാമൂഹ്യവിരുദ്ധർ ഇടിച്ചു നിരത്തിയത്. സംഭവത്തെ തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കുര്യാത്തി സ്വിവറേജ് സബ്ഡിവിഷൻ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സെക്ഷൻ രണ്ടിലെ അസിസ്റ്റന്റ് എൻജിനിയറുടെ നിയന്ത്രണത്തിലായിരുന്നു ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. മുമ്പ് സെക്ഷൻ ഓഫീസായി പ്രവർത്തിച്ചിരുന്ന മൂന്ന് മുറികളുള്ള കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ അതോറിട്ടി തന്നെ നടത്തുന്നതിനിടെയാണ് കെട്ടിടം തകർത്തത്.
35 സെന്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ചുറ്റും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സംഭവദിവസം രാവിലെ 11 മണിയോടെയാണ് പത്തോളം പേരടങ്ങുന്ന സംഘം ജെ.സി.ബിയിൽ മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങളുമായി സ്ഥലത്തെത്തിയത്. ഗേറ്റ് പൊളിച്ചുമാറ്റി ബലമായി കോമ്പൗണ്ടിൽ കയറി കെട്ടിടം ഇടിക്കുന്നതും മരം മുറിക്കുന്നതുമെല്ലാം കണ്ടെങ്കിലും അടുത്ത വീട്ടുകാർ പോലും പ്രതികരിച്ചില്ല. വാട്ടർ അതോറിട്ടി തന്നെയാണിത് ചെയ്യുന്നതെന്നാണ് അവർ കരുതിയത്. അതുകൊണ്ട് ആരും തടസം പറഞ്ഞതുമില്ല. എന്നാൽ പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞാണ് വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഇടിക്കലും നിരത്തലും മുറിക്കലുമെല്ലാം കഴിഞ്ഞ് അക്രമികൾ സ്ഥലം വിട്ടിരുന്നു. തുടർന്ന് എക്സിക്യൂട്ടിവ് എൻജിനിയർ പേട്ട പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തുമ്പോൾ കെട്ടിടം പൂർണമായി തകർന്നിരുന്നു. മരങ്ങളുടെ ചെറിയ കഷണങ്ങൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. മെഡിക്കൽ കോളേജ് പൊലീസിന്റെ പരിധിയിലായതിനാൽ പിന്നീട് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയർ അവിടെയും പരാതി നൽകി.
പേട്ട, കുന്നുകുഴി, കണ്ണമ്മൂല തുടങ്ങിയ വാർഡുകളിലെ സ്വിവറേജ് സംവിധാനം നിയന്ത്രിക്കുന്നതിനുള്ള ഓവർസിയർമാർക്കും ജീവനക്കാർക്കും വേണ്ടിയാണ് ഈ ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. സ്വിവറേജ് സംവിധാനം കുര്യാത്തിയിലെ ഓഫീസിലേക്ക് മാറ്റിയതോടെ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടത്തെ ഫയലുകളും മറ്റും കുര്യാത്തിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സ്ഥലം സംബന്ധിച്ച് നേരത്തേ സ്വകാര്യ വ്യക്തിയുമായി ചില തർക്കങ്ങൾ കോടതിയിൽ ഉണ്ടായിരുന്നു. ഇതിന്മേൽ വാട്ടർ അതോറിട്ടിക്ക് അനുകൂലമായി വിധി ഉണ്ടായി. തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ കെട്ടിടം പോക്കുവരവ് ചെയ്യുണമെന്ന് വാട്ടർ അതോറിട്ടിയോട് നിർദ്ദേശിക്കുകയും ചെയ്തു. നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ടെൻഡർ നടപടികൾ വാട്ടർ അതോറിട്ടി പൂർത്തിയാക്കി പണി തുടങ്ങാൻ കാത്തിരിക്കുന്നതിനിടെയാണ് സാമൂഹ്യവിരുദ്ധർ കെട്ടിടം ഇടിച്ചുതകർത്തത്.