തിരുവനന്തപുരം : തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ റഫറൻസ് ബ്ലോക്കിനായി പണിത കെട്ടിടത്തിൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തതിന് പിന്നിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണമുയരുന്നു. 3.6 കോടി രൂപ ചെലവിൽ പൈതൃക ശൈലിയിൽ നിർമ്മിച്ച കെട്ടിടമാണ് ലക്ഷ്യമിട്ട പദ്ധതിക്കായി ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്നത്. വിമർശകനും ചിന്തകനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പേരിലാണ് റഫറൻസ് ബ്ലോക്ക് ഇവിടെ പണിതത്. എന്നാൽ കെട്ടിടം നിർമ്മിക്കുമ്പോൾ മുൻഭാഗം മാത്രം പഴയ കെട്ടിടത്തിന്റെ മാതൃകയായ ഗോഥിക് രീതിയിൽ നിർമ്മിച്ചെങ്കിലും ഉൾഭാഗങ്ങളിൽ അസൗകര്യവും അശാസ്ത്രീയവുമായി പില്ലറുകൾ പണിതതിനാൽ ലൈബ്രറി ഹാളിന്റെ സ്ഥലം ഏറെ നഷ്ടമാക്കിയിരിക്കുകയാണ്. ഇക്കാരണത്താൽ ഇവിടെ റഫറൻസ് വിഭാഗം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് കെട്ടിടം പൂട്ടിയിട്ടിരിക്കുന്നത്.
1391 ചതുരശ്രമീറ്റർ പണിതീർത്ത കെട്ടിടത്തിലെ താഴത്തെ നിലയിൽ റഫറൻസ് ബ്ലോക്ക്, കാഴ്ച പരിമിതർക്കുള്ള ബ്രെയ്ലി ലൈബ്രറി, ടെക്നിക്കൽ സെക്ഷൻ, ലൈബ്രേറിയന്റെ മുറി എന്നിവയാണ് ഉദ്ദേശിച്ചിരുന്നത്. ഒന്നാംനിലയിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി. രണ്ടാം നിലയിൽ കോൺഫറൻസ്, എക്സിബിഷൻ ഹാളുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉദ്ഘാടനത്തിന് ശേഷമാണ് നിർമ്മാണത്തിലെ അശാസ്ത്രീയത ബോദ്ധ്യപ്പെട്ടത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ലൈബ്രറി അധികൃതർ.
നോവൽ സെക്ഷൻ ആരംഭിക്കാൻ നീക്കം
നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം റഫറൻസ് ലൈബ്രറിയായി ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഇവിടേക്ക് നോവൽ സെക്ഷൻ മാറ്റാനുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ നോവൽ വിഭാഗം മാത്രം പുതിയ റഫറൻസ് ബ്ലോക്കിലേക്ക് മാറ്റുകയാണ്. നോവലിസ്റ്റ് അല്ലാത്ത പി. ഗോവിന്ദപ്പിള്ളയുടെ പേരിൽ പണിത മന്ദിരത്തിലേക്ക് നോവൽ വിഭാഗം മാറ്റുന്നതിന്റെ അനൗചിത്യത്തെക്കുറിച്ചാണ് ഭാഷാസ്നേഹികൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് .
ആദ്യ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണ മേനോൻ, പ്രൊഫ. നന്ദൻ മേനോൻ എന്നിവർ സംഭാവനചെയ്ത പതിനായിരക്കണക്കിന് വിദേശ പുസ്തകങ്ങൾ, റഫറൻസ് കൃതികൾ എന്നിവ മുപ്പതോളം അലമാരകളിൽ മലയാളം, തമിഴ് വിഭാഗങ്ങളിലായി പൂട്ടി വച്ചിരിക്കയാണ്. പഴയ ബ്രിട്ടീഷ് ലൈബ്രറിയിലുണ്ടായിരുന്ന അമൂല്യമായ കളക്ഷനുകൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് പുസ്തകങ്ങൾ ലൈബ്രറിയുടെ മറ്റ് പല ഭാഗങ്ങളിലും അലമാരകളിൽ പൂട്ടി വച്ചിട്ടുണ്ട്. ഇത്തരം പുസ്തകങ്ങൾ പുതിയ ബ്ലോക്കിലേക്ക് മാറ്റിയാൽ തന്നെ നിലവിൽ നോവൽ വിഭാഗം പ്രവർത്തിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യം ലഭിക്കും. ഡിജിറ്റൽ ചെയ്ത ഗസറ്റുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ കുറെയേറെ സ്ഥലം ലാഭിക്കാം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നോവൽ വിഭാഗം പ്രധാന കെട്ടിടത്തിൽനിന്നു മാറ്റുന്നത് ഓഫീസ് സമയം കഴിഞ്ഞ് വരുന്നവർക്കും വൃദ്ധജനങ്ങൾക്കും ഏറെ ദുഷ്കരമായിരിക്കും.
ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണ് തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി. സ്വാതിതിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1829-ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.
വിക്ടോറിയ മഹാറാണിയുടെ വജ്രജൂബിലിയാഘോഷത്തിന്റെ സ്മാരകമായാണ് ലൈബ്രറി സ്ഥാപിച്ചത്. ലഫ്. കേണൽ എഡ്വേഡ് കടോഗനാണ് ആദ്യകാലങ്ങളിൽ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയത് . 1950 മുതൽ സംസ്ഥാന കേന്ദ്ര ലൈബ്രറി എന്ന ബഹുമതി ഇതിനു ലഭിച്ചു. 1988 മുതൽ ലൈബ്രറിക്ക് ഒരു വകുപ്പിന്റെ പദവി നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി പ്രസിഡന്റായും സ്റ്റേറ്റ് ലൈബ്രേറിയൻ കൺവീനറായും സാംസ്കാരിക നായകന്മാർ അംഗങ്ങളുമായി ഒരു സമിതിയാണ് ഇപ്പോൾ ഭരണച്ചുമതല നിർവഹിക്കുന്നത്.