പോത്തൻകോട് : ഉത്സവസമാനമായ അന്തരീക്ഷത്തിൽ നാട്ടുകൂട്ടത്തിന്റെ ആർപ്പോവിളികളുടെ ആരവത്തോടെ പാട്ടുവിളാകം ഏലായിൽ വീണ്ടും നെൽകൃഷിക്ക് വിത്തിട്ടു. മേയർ വി.കെ.പ്രശാന്താണ് പാടത്ത് വിത്തെറിഞ്ഞു ഉദ്ഘാടനം നിർവഹിച്ചത്. കഴക്കൂട്ടം കൃഷിഭവന് കീഴിലെ പാട്ടുവിളാകം പാടശേഖരത്തിൽ നെൽകൃഷി നിലച്ചിട്ട് പതിനഞ്ചു വർഷത്തിലേറെയായി. പാടങ്ങൾ പണകോരി മരച്ചീനിയും വാഴയും കൃഷി ചെയ്ത് വരികയായിരുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ കഴക്കൂട്ടം അഗ്രോ സർവീസ് സെന്ററിന്റെ സഹായത്തോടെ ആമ്പലൂർ ഏലായിൽ ഇരുപതോളം ഏക്കറിൽ ലാഭകരമായി നെൽക്കൃഷി ചെയ്ത പശ്ചാത്തലത്തിലാണ് ഇവിടെയും കൃഷിചെയ്യാൻ കർഷകർ തയ്യാറായത്. തരിശ് നില കൃഷിക്കുള്ള എല്ലാ സഹായങ്ങളും ഇവിടെത്തെ കർഷകർക്ക് ലഭ്യമാകും. തുടക്കത്തിൽ മൂന്ന് ഏക്കറിലാണ് കൃഷി നടത്തുന്നത്. പുതുതായി മുപ്പതോളം കർഷകർ കൃഷി ചെയ്യാൻ സന്നദ്ധരായി വന്നിട്ടുണ്ടെന്ന് കൃഷി ഓഫീസർ പറഞ്ഞു.
സമൃദ്ധിയായി ഒഴുകുന്ന തെറ്റിയാറിന്റെ ഓരം ചേർന്ന് കിടക്കുന്ന പാട ശേഖരത്തിലേക്കുള്ള വഴികൾ രാവിലെ തന്നെ കുരുത്തോല കൊണ്ട് കർഷകർ അലങ്കരിച്ചിരുന്നു. നെൽക്കൃഷി വീണ്ടും ആരംഭിക്കുന്നതിന്റെ സന്തോഷത്തിൽ വലിയൊരു നാട്ടുക്കൂട്ടവും സന്നിഹിതരായിരുന്നു. ചന്തവിള യു.പി സ്കൂളിലെ വിദ്യാർത്ഥികളും നെൽക്കൃഷിക്ക് വിത്തിടാൻ എത്തിയിരുന്നു. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളായ നവോദയ, തടത്തിൽ ബ്രദേഴ്സ്, ഭഗത് സിംഗ് ക്ലബ് എന്നിവയുടെ പ്രോത്സാഹനത്തോടെയാണ് നെൽകൃഷിക്ക് വീണ്ടും തുടക്കമായിരിക്കുന്നത്. വാർഡ് കൗൺസിലർ ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ റീജ എസ്. ധരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് എം.എൻ.പ്രകാശ് നന്ദിയും പറഞ്ഞു.