വിനീത് ശ്രീനിവാസൻ പ്രൊഡക് ഷൻസ് എന്ന പേരിൽ പുതിയൊരു നിർമ്മാണ കമ്പനിക്ക് സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ തുടക്കം കുറിച്ചു.ഈ ബാനറിൽ വിനീത് ഒരുക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടിയാണ്.ഹെലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ അന്ന ബെന്നാണ്.നോബിൾ ബാബു തോമസാണ് നായകൻ.വിനീതിന്റെ ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ നിർമ്മാതാവാണ് നോബിൾ.സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് രണ്ടിന് കൊച്ചിയിൽ ആരംഭിക്കും.തൊടുപുഴയാണ് മറ്റൊരു ലൊക്കേഷൻ.
ഇതാദ്യമായാണ് വിനീത് ശ്രീനിവാസൻ ഒരു ചിത്രം ഒറ്റയ്ക്ക് നിർമ്മിക്കുന്നത്.നേരത്തെ വിനോദ് ഷൊണ്ണൂരുമായി ചേർന്ന് ആനന്ദം എന്ന ചിത്രം നിർമ്മിച്ചിരുന്നു.സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലൂടെ നിരവധി യുവതാരങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.ഹെലനിൽ വിനീത് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല.ഷാൻ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.
അതേ സമയം വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ മികച്ച അഭിപ്രായവും കളക് ഷനും നേടി മുന്നേറുകയാണ്. രവി പദ്മനാഭൻ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. വിനീത് നായകനായി എത്തുന്ന മനോഹരം റിലീസിന് ഒരുങ്ങുകയാണ്.വിനീത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയിൽ പ്രണവ് മോഹൻലാലാണ് നായകൻ.ഈ സിനിമയുടെ എഴുത്തു ജോലിയിലാണ് വിനീത് ഇപ്പോൾ.