മലപ്പുറം: പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ രേഖപ്പെടുത്താനുമായി പുതിയ മൊബൈൽ ആപ്പ് പുറത്തിറങ്ങി. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ മൊബൈൽ ആപ്പ് ഡെവലപ്മെന്റ് കോമ്പീറ്റന്റ് സെന്ററാണ് 'എന്റെ ജില്ല' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ നാലാം വാർഷികത്തിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. ജില്ലയുടെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ആപ്പ്. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുടെ എവിടെയെന്ന് അറിയാനും ഇ- മെയിലിലും ഫോണിലും ബന്ധപ്പെടുന്നതിനും ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ആപ്പിൽ സൗകര്യമുണ്ട്. വിവിധ ജില്ലാ ഓഫീസുകൾ, ജില്ലയിലെ റവന്യൂ, പഞ്ചായത്ത്, മൃഗസംരക്ഷണം, വ്യവസായം, എംപ്ലോയ്മെന്റ്, ആരോഗ്യം, ഗതാഗതം, ഫോറസ്റ്റ്, എക്സൈസ്, പൊലീസ്, വൈദ്യുതി, പി.ഡബ്ള്യു.ഡി, ട്രഷറി, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, പ്ലാനിംഗ്, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ട്രഷറി, ക്ഷീരവികസനം, രജിസ്ട്രേഷൻ, തുടങ്ങി വിവിധ വകുപ്പുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആപ്പിന്റെ
പ്രവർത്തനം
പൊതുജനങ്ങൾ രേഖപ്പെടുത്തുന്ന പ്രതികരണങ്ങൾ ജില്ലാ കളക്ടർക്ക് നേരിട്ടാണ് ലഭിക്കുക.
ജില്ലയിൽ നടക്കുന്ന പ്രധാനപ്പെട്ട പത്ത് പരിപാടികളുടെ വിവരങ്ങൾ 'ടോപ്പ് 10 ഇവന്റ്സ് എന്ന് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
വെബ്സൈറ്റും പുത്തൻലുക്കിൽ
ജില്ലയുടെ www.malappuram.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റാണ് പുതിയ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി സ്വാസ് പ്ലാറ്റ്ഫോമിൽ നവീകരിച്ചിരിക്കുന്നത്.
ഇംഗ്ലീഷിനോടൊപ്പം മലയാളവും ലഭ്യമാവും
ജില്ലാ ഭരണകൂടം, വിവിധ സർക്കാർ ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോൺനമ്പറുകളും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങളും വിവിധ സർക്കാർ വകുപ്പുകളുടെ വിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭിക്കും.
കൂടാതെ ടെൻഡറുകൾ, പ്രധാനപ്പെട്ട യോഗങ്ങളുടെ അജൻഡ, തീരുമാനങ്ങൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്താനാവും വിധമാണ് നവീകരണം.