പൊന്നാനി: കോഴിക്കോട് പുതിയാപ്പ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയിലും കാറ്റിലും നങ്കൂരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് കടലിൽ ഒഴുകിപ്പോയ തിരമാല നിരീക്ഷണ സംവിധാനം (വേവ് റൈഡർ ബോയ്) പൊന്നാനി ഭാഗത്ത് നിന്നും കണ്ടെടുത്തു.കേരള സമുദ്ര പഠന സർവകലാശാലയും കേന്ദ്ര വിവര സേവന കേന്ദ്രവും സംയുക്തമായി കോഴിക്കോട് പുതിയാപ്പ ഭാഗത്തെ കടലിൽ 12 നോട്ടിക്കൽ മൈൽ അകലെ സ്ഥാപിച്ച നിരീക്ഷണ സംവിധാനം ശനിയാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പൊന്നാനി ഭാഗത്ത് ഡിവൈസ് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദിന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥരുടെയും ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരുടെയും നേതൃത്വത്തിൽ ഫിഷറീസ് ബോട്ട് ഉപയോഗിച്ച് ഉപകരണം കടലിൽ നിന്നും വീണ്ടെടുത്തു.
ഫിഷറീസ് സർവകലാശാലയിലെ പ്രൊഫ. ഡോ.എസ്.എം റാഫിയുടെ നേതൃത്വത്തിൽ ഗവേഷകനായ എസ്. അതുൽ, ടെക്നിക്കൽ സ്റ്റാഫ് രാഹുൽ, ഫിഷറീസ് ഓഫീസ് ജീവനക്കാരനായ കബീർ, ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ വി.പി. സക്കീർ, മുഹമ്മദ് ആഷിർ, ശിഹാബ് എന്നിവർ ചേർന്നാണ് കടലിൽ നിന്നും ഉപകരണം വീണ്ടെടുത്തത്