നിലമ്പൂർ: കാട്ടരുവിക്കു കുറുകെ പണിത ചീങ്കണ്ണിപ്പാലിയിലെ തടയണയുടെ ഒരു വശം പൊളിച്ച് വെള്ളം തുറന്നുവിട്ടു തുടങ്ങി. പത്തുദിവസം നീണ്ട ദൗത്യത്തിനൊടുവിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വെള്ളം തുറന്നുവിട്ടത്. ഇന്ന് ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ വെള്ളം പൂർണ്ണമായും തുറന്നുവിട്ട് സ്വാഭാവിക ഒഴുക്ക് നിലനിറുത്തുന്നതിന് കളക്ടർ 10 ദിവസത്തെ സാവകാശം കൂടി തേടും.ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത്മലയിടിച്ചാണ് കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയതെന്നാണ് ആരോപണം.
നിലവിൽ അടിത്തട്ടിൽ നാലു മീറ്ററും മുകളിൽ 25 മീറ്ററും വീതിയിലാണ് തടയണ പൊളിച്ചത്. അടിത്തട്ടിൽ ആറുമീറ്റർ തുറക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. തടയണ തുറന്നഭാഗത്തെ ചെളി നീക്കിയ ശേഷം ആറു മീറ്റർ വ്യാസത്തിൽ തുറക്കാനാണ് തീരുമാനം. ദൗത്യം ഇന്നും തുടരും.
തടയണ പൊളിക്കാനുള്ള ഉത്തരവ് പി.വി. അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൾ ലത്തീഫ് നടപ്പാക്കാത്തതിനെ തുടർന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാൻ ഹൈക്കോടതി 14ന് ഉത്തരവിട്ടത്.
തടയണ പൊളിക്കാൻ ആരംഭിച്ച 21ന് ദൗത്യത്തിന് നേതൃത്വം നൽകിയ ഏറനാട് തഹസിൽദാർ സി. ശുഭനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പരാതി ഉയർന്നതോടെ സ്ഥലംമാറ്റം മരവിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരിച്ച സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എം.എൽ.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട്സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ ഹർജി സമപ്പിച്ചിച്ചു. ഇതോടെയാണ്
തടയണ പൊളിച്ച് വെള്ളം തുറന്നുവിടാൻ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കേരള ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെയാണ് തടയണ കെട്ടിയതെന്ന് വിദഗ്ദ്ധസമിതി കണ്ടെത്തിയിരുന്നു. മൺസൂൺ മഴയ്ക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് വിദഗ്ദ്ധസമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തടയണയുടെ താഴ്ന്ന ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സർക്കാർ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്കണ്ഠ്യേന നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.